ലക്‌നൗ: ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് സൂര്യക്ഷേത്രം പണിയാന്‍ വി.എച്ച്.പിക്ക് അനുമതി നല്‍കിയതായി യോഗി ആദിനാഥ്. ബഹ്‌റൈച്ചിലെ ദര്‍ഗയുടെ സ്ഥാനത്ത് ക്ഷേത്രവും അതേ ജില്ലയില്‍ തന്നെ ഒരു സ്മാരകവും പണിയാനാണ് വി.എച്ച്.പിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ദര്‍ഗ സ്ഥാപിച്ചതെന്ന വി.എച്ച്.പിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയതെന്ന് യോഗി ആദിത്യനാഥിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
“വി.എച്ച്.പിയുടെ ആവശ്യത്തോടു ഞാന്‍ യോജിക്കുന്നു.” അദ്ദേഹം പറഞ്ഞു.
11ാം നൂറ്റാണ്ടില്‍ ഗാസി സയ്യിദ് സലാര്‍ മസൂദുമായി യുദ്ധം ചെയ്ത രാജ് സുഹദല്‍ദേവിന്റെ ഓര്‍മ്മയ്ക്കായി സൂര്യക്ഷേത്രം പണിയണമെന്നായിരുന്നു വി.എച്ച്.പിയുടെ ആവശ്യം. 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബി.ജെ.പി ഈ വിഷയം ശക്തമായി ഉയര്‍ത്തുകയും ചെയ്തിരുന്നു.
കൂടാതെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇവിടെ വന്‍ റാലി നടത്തുകയും സുഹല്‍ദേവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സുഹല്‍ദേവ് എക്‌സ്പ്രസ് എന്ന പേരില്‍ ഗാസിപൂരില് നിന്നും അനന്ദ്വിഹാര്‍ വരെ ട്രെയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
യു.പി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഓം പ്രകാശ് രാജ്ബാറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു. ഈ പാര്‍ട്ടിക്ക് എട്ടിടങ്ങളില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. നാലിടങ്ങളില്‍ വിജയിക്കുകയും ചെയ്തിരുന്നു.