നയൻതാരയോട് പ്രണയം തോന്നി, ആഹ്ലാദത്തോടെ ഓർക്കുന്ന ചിത്രമാണത്: യോഗി ബാബു
Entertainment
നയൻതാരയോട് പ്രണയം തോന്നി, ആഹ്ലാദത്തോടെ ഓർക്കുന്ന ചിത്രമാണത്: യോഗി ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th October 2024, 4:07 pm

സത്യൻ അന്തിക്കാട് ഒരുക്കിയ മനസിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമ കരിയർ ആരംഭിച്ച് ഇന്ന് കിങ് ഖാൻ ഷാരുഖിന്റെ നായിക വരെയായി മാറിയ നടിയാണ് നയൻതാര.

ആരാധകർക്കിടയിൽ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയും കൂടെയാണ് നയൻസ്.

നെൽസൺ സംവിധാനം ചെയ്ത് നയൻതാരയും യോഗി ബാബുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു കൊളമാവ് കോകില. പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ ചിത്രത്തിൽ നയൻതാരക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടൻ യോഗി ബാബു.

ചിത്രത്തിലെ ഓരോ രംഗങ്ങൾ ഷൂട്ട്‌ ചെയ്യുമ്പോഴും നയൻതാരയോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്നും സന്തോഷത്തോടെയാണ് ആ ചിത്രം ഓർക്കുന്നതെന്നും യോഗി ബാബു പറയുന്നു. മുമ്പൊരു ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഒരു സീനിൽ ചിത്രത്തിലെ നായിക തന്നെ കെട്ടിപിടിക്കാൻ വിസമ്മതിച്ചെന്നും യോഗി പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊളമാവ് കോകിലയെന്ന ചിത്രത്തിൽ നയൻതാരയ്‌ക്കൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമാണ്. കൊളമാവ് കോകിലയിലെ കല്യാണവയസ്സ് എന്ന പാട്ട് തമിഴകത്തിന് പുറത്തും ഹിറ്റായിരുന്നു. നയൻതാരയുടെ കഥാപാത്രമായ കോകിലയുടെ ഹ്യദയത്തിലിടം നേടാനായി എൻ്റെ കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് പാട്ടിൽ ചിത്രീകരിച്ചത്.

ഓരോ രംഗം ചിത്രീകരിക്കുമ്പോഴും നയൻതാര മികച്ച പിന്തുണ നൽകി. നയൻതാരയോട് എനിക്ക് ശരിക്കും പ്രണയം തോന്നി. മുൻപ് തമിഴിലെ മറ്റൊരു മുൻനിരനായികയ്‌ക്കൊപ്പം അഭിനയിക്കുമ്പോൾ സിനിമയിൽ അവരെന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ, നടി വിസമ്മതിച്ചു.

എന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് തീർത്തുപറഞ്ഞു. സംവിധായകൻ കേണപേക്ഷിച്ചിട്ടും അവർ കൂട്ടാക്കിയില്ല. ഇത്തരം അനുഭവങ്ങൾ നേരിട്ട എനിക്ക് നയൻതാരയ്‌ക്കൊപ്പമുള്ള നിമിഷങ്ങൾ ആഹ്ലാദത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ,യോഗി ബാബു പറയുന്നു.

 

Content Highlight: Yogi Babu Talk About Nayanthara