| Wednesday, 7th August 2024, 4:22 pm

ശിവകാര്‍ത്തികേയന്‍ കാരണമാണ് എനിക്ക് ആ സിനിമ കിട്ടിയത്, ഞാന്‍ തന്നെ ചെയ്യണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു: യോഗി ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി റോളുകളിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് യോഗി ബാബു. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച യോഗി ബാബു കഴിഞ്ഞ കുറച്ചുകാലമായി തമിഴ് സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത മണ്ടേലയിലൂടെ നായകവേഷവും തനിക്ക് ചേരുമെന്ന് യോഗി ബാബു തെളിയിച്ചു.

താരത്തിന്റെ കരിയര്‍ മാറ്റിമറിച്ച സിനിമയായിരുന്നു 2017ല്‍ പുറത്തിറങ്ങിയ കോലമാവ് കോകില. അനിരുദ്ധിന്റെ പാട്ടില്‍ നയന്‍താരയുടെ പിന്നാലെ നടക്കുന്ന കല്യാണവയസ് എന്ന പാട്ട് ട്രെന്‍ഡിങ്ങായി മാറിയിരുന്നു. ആ ചിത്രത്തിലേക്ക് തന്നെ നിര്‍ദേശിച്ചത് ശിവകാര്‍ത്തികേയനായിരുന്നുവെന്ന് പറയുകയാണ് യോഗി ബാബു.

ശിവാകാര്‍ത്തികേയന്റെ സീമരാജ എന്ന സിനിമയില്‍ താനും ചെറിയൊരു വേഷം ചെയ്തിരുന്നുവെന്നും രാത്രി ഷൂട്ട് നീണ്ടുപോയപ്പോള്‍ ശിവകാര്‍ത്തികേയന്‍ തന്നോട് കോലമാവ് കോകിലയുടെ കഥ പറഞ്ഞുവെന്നും യോഗി ബാബു പറഞ്ഞു. താന്‍ ഓക്കെ പറയുന്നതുവരെ കാത്തിരിക്കാമെന്ന് ശിവ പറഞ്ഞുവെന്നും ആ സിനിമ തന്റെ കരിയര്‍ മാറ്റിമറിച്ചുവെന്നും യോഗി ബാബു കൂട്ടിച്ചേര്‍ത്തു. സിനി ഉലഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സീമരാജ എന്ന സിനിമയില്‍ ശിവകാര്‍ത്തികേയനും സൂരിയുമായിരുന്നു പ്രധാനതാരങ്ങള്‍. ആ സിനിമയില്‍ ഞാനും ചെറിയൊരു വേഷം ചെയ്തിരുന്നു. സീമരാജയുടെ ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസം രാത്രി കുറേ നേരം ഷൂട്ടുണ്ടായിരുന്നു. ആ സമയത്ത് ശിവകാര്‍ത്തികേയന്‍ എന്നോട് കോലമാവ് കോകിലയുടെ കഥ പറഞ്ഞു. അതിലെ എന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞുതന്നു.

ആ സമയത്ത് വേറെ കുറച്ച് സിനിമയില്‍ അഭിനയിക്കാനുള്ളതുകൊണ്ട് കുറച്ചുസമയം എടുക്കുമെന്ന് പറഞ്ഞു. എത്ര സമയം വേണമെങ്കിലും കാത്തിരിക്കാമെന്ന് ശിവ പറഞ്ഞു. ആ സിനിമയാണ് എന്റെ കരിയര്‍ മാറ്റിമറിച്ചത്. കല്യാണവയസ് എന്ന പാട്ട് ട്രെന്‍ഡിങ്ങാകുമെന്ന് അന്ന് വിചാരിച്ചില്ല. ഇന്ന് ഞാന്‍ ഇത്രയും വളര്‍ന്നതിന് കാരണം ശിവകാര്‍ത്തികേയന്‍ കൂടിയാണ്,’ യോഗി ബാബു പറഞ്ഞു.

Content Highlight: Yogi Babu saying that Sivakarthikeyan suggest him for Kolamavu Kokila

We use cookies to give you the best possible experience. Learn more