ലക്‌നൗ: അസഹിഷ്ണുതയെ പറ്റിയും ഹിന്ദു തീവ്രവാദത്തെ കുറിച്ചും പറയുന്നവര്‍ ദേശദ്രോഹികളാണെന്നും രാജ്യം അവര്‍ക്ക് ഒരിക്കലുംമാപ്പ് നല്‍കില്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കമല്‍ഹാസന്റെ വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
സനാതന ധര്‍മ്മമാണ് ഇന്ത്യയിലെ ഏകമതം. മറ്റ് മതക്കാരും വിശ്വാസങ്ങളുള്ളവരുമാണ് ബാക്കിയുള്ളവര്‍. രാജ്യത്ത് സെക്കുലറിസം എന്നൊന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നുണയാണിത്. എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ട്. പക്ഷെ അതിന്റെയെല്ലാം മുകളില്‍ രാജ്യമാണ്. അത് കൊണ്ട് ഒരാള്‍ക്ക് സ്വന്തം രാജ്യത്തിനെതിരെ അസഹിഷ്ണുതയുടെയും ഹിന്ദുതീവ്രവാദത്തിന്റെയും പേരില്‍ വിമര്‍ശനം ഉന്നയിക്കാന്‍ കഴിയില്ല. ആദിത്യനാഥ് പറയുന്നു.
ഹിന്ദൂയിസം സംസ്‌ക്കാരവും ജീവിതരീതിയുമാണ്. ഈ ഹിന്ദുരാഷ്ട്രം മുസ്‌ലിംങ്ങള്‍ക്കും സൗരാഷ്ട്രമതക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും മറ്റുള്ളവര്‍ക്കും സംരക്ഷണം നല്‍കിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഹിന്ദുക്കളെ ഭീകരവാദിയെന്ന് വിളിക്കാന്‍ ആരെയങ്കിലും അനുവദിക്കുമെന്നല്ല.
തമിഴ് മാസികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലായിരുന്നു താരം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന അഭിപ്രായ പ്രകടനം നടത്തിയിരുന്നത്. ഇതിന്റെ പേരില്‍ കമല്‍ഹാസനെതിരെ കേസെടുത്തിരുന്നു. പ്രസ്താവനയുടെ പേരില്‍ കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്നും ആഹ്വാനമുണ്ടായിരുന്നു.