പട്‌ന: ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ ഓക്‌സിജന്‍ വിതരണക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
നേരത്തെ സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലാണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഓക്സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം സംഭവത്തിനുശേഷം ഇന്നാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ഓക്‌സിജന്‍ വിതരണത്തില്‍ മുന്‍ സര്‍ക്കാരിന്റെ നടപടികളും പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.