| Tuesday, 25th June 2019, 8:00 pm

സ്ത്രീയാണോ പുരുഷനാണോ?, സ്ത്രീയാണെങ്കില്‍ 10 പോയിന്റ്; യു.പിയില്‍ സ്ഥലംമാറ്റം ഇനി ഓണ്‍ലൈന്‍ വഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സ്ഥലംമാറ്റത്തില്‍ അഴിമതിയുണ്ടാകുന്നതു തടയാന്‍ ‘ഡിജിറ്റല്‍’ മാര്‍ഗവുമായി യു.പിയിലെ യോഗി സര്‍ക്കാര്‍. സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റത്തിലെ അഴിമതി ഒഴിവാക്കുന്നതിനാണ് ‘ഓണ്‍ലൈന്‍ സ്ഥലംമാറ്റ നയം’ സര്‍ക്കാര്‍ കൊണ്ടുവന്നത്.

ഇതിനായി ആകെ വേണ്ടത് ഒരു സ്മാര്‍ട്ട്‌ഫോണോ കമ്പ്യൂട്ടറോ ഒപ്പം ഇന്റര്‍നെറ്റ് കണക്ഷനും ആണ്. അതില്‍ വരുന്ന 10 ചോദ്യങ്ങള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ഉത്തരങ്ങളാണ് അവരുടെ സ്ഥലംമാറ്റ അപേക്ഷകളുടെ വിധി നിര്‍ണയിക്കുക.

അധ്യാപകര്‍ ജോലിക്കെത്താതിരിക്കുന്നതു നിയന്ത്രിക്കുന്നതിനും അവരുടെ ജോലിയിലുള്ള അസംതൃപ്തി പരിഹരിക്കുന്നതിനും ഈ ഓണ്‍ലൈന്‍ സ്ഥലംമാറ്റ നയം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഒരു സ്ഥലംമാറ്റത്തിന് ഒന്നുമുതല്‍ രണ്ടുലക്ഷം രൂപ വരെയാണ് ഉദ്യോഗസ്ഥര്‍ വാങ്ങുന്നതെന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ ദിനേഷ് ശര്‍മ പറഞ്ഞു. എന്നാല്‍ ഇനിമുതല്‍ വീട്ടിലിരുന്ന് മൊബൈലില്‍ക്കൂടി സ്ഥലംമാറ്റം വാങ്ങാം എന്നും അദ്ദേഹം പറഞ്ഞു. ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പരീക്ഷിക്കുന്ന നയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈനായി സര്‍ക്കാര്‍ ചോദിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ആദ്യ ചോദ്യം സ്ത്രീയാണോ പുരുഷനാണോ എന്നാണ്. സ്ത്രീയാണെങ്കില്‍ 10 പോയിന്റ് കിട്ടും. അടുത്ത ചോദ്യം അവിവാഹിതയാണോ വിവാഹിതയാണോ വിധവയാണോ എന്നതാണ്. വിധവയാണെങ്കില്‍ 10 പോയിന്റ്.

ഇനി ഭര്‍ത്താവോ ഭാര്യയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അതിന് അധിക പോയിന്റ് ലഭിക്കും. അധ്യാപകന്/അധ്യാപികയ്ക്ക് എന്തെങ്കിലും കാര്യമായ രോഗമുണ്ടെങ്കില്‍ അതിനും പോയിന്റ് കൂടുതലുണ്ട്.

ചോദ്യങ്ങള്‍ അവസാനിക്കുമ്പോള്‍ മുന്‍ഗണനയിലുള്ള നാല് പോസ്റ്റുകള്‍ പറയാനാവശ്യപ്പെടും. പോയിന്റും മുന്‍ഗണനാ പോസ്റ്റും നോക്കിയാവും സ്ഥലംമാറ്റം.

സ്ഥലംമാറ്റം ലഭിച്ചാല്‍ അതും യു.പി ബോര്‍ഡ് ഡയറക്ടറുടെ ഡിജിറ്റല്‍ ഒപ്പോടു കൂടി ഫോണില്‍ ലഭിക്കും.

എന്നാല്‍ ചില അധ്യാപക സംഘടനകള്‍ ഇതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ നാട്ടിലേക്കോ മറ്റോ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്ന അധ്യാപകര്‍ക്ക് അതത്ര നന്നാവില്ലെന്നാണ് യു.പി മാധ്യമിക് ശിക്ഷാ സംഘത്തിലെ അംഗവും എം.എല്‍.സിയുമായ സുരേഷ് ത്രിപാഠി അഭിപ്രായപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more