| Saturday, 5th May 2018, 10:24 am

യോഗിയുടെ കര്‍ണാടക സന്ദര്‍ശനത്തെ ചോദ്യം ചെയ്ത് മാധ്യപ്രവര്‍ത്തകന്റെ ട്വീറ്റ്; സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി: വിവാദമായതിന് പിന്നാലെ ട്വീറ്റ് നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് 90 ഓളം പേരുടെ ജീവന്‍ നഷ്ടമായിട്ടും സ്വന്തം സംസ്ഥാനത്ത് നിന്ന് വേണ്ട നടപടികള്‍ കൈക്കൊള്ളാതെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് 90 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം തുടരുന്നതിനെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യുകയും ഇതിന് പിന്നാലെ യോഗി അടിയന്തിരമായി യു.പിയിലേക്ക് മടങ്ങുകയുമായിരുന്നു.


Dont Miss കഠ്‌വ ഇരയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും നല്‍കിയ സുരക്ഷ പിന്‍വലിക്കണമെന്ന് സുപ്രീം കോടതിയോട് മുഖ്യപ്രതി


യോഗി ആദിത്യനാഥിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് എ.ബി.പി ന്യൂസ് കഴിഞ്ഞ ദിവസം ഒരു പ്രത്യേക ചര്‍ച്ച തന്നെ സംഘടിപ്പിച്ചിരുന്നു. സ്വന്തം സംസ്ഥാനത്ത് ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിരിക്കെ പാര്‍ട്ടി വോട്ടിന് വേണ്ടി പ്രചരണത്തിന് പോയ യോഗിയുടെ നടപടി അംഗീകരിക്കാനാവുമോ എന്നതായിരുന്നു ചര്‍ച്ച. ചര്‍ച്ചക്ക് പിന്നാലെ പരിപാടിയുടെ അവതാരകനായ മാധ്യമപ്രവര്‍ത്തകന്‍ അഭിഷാര്‍ ശര്‍മ എത്രയും പെട്ടെന്ന് തന്നെ താങ്കള്‍ യു.പിയിലേക്ക് തന്നെ തിരിച്ചുവരൂ എന്നും ആരും നിങ്ങളെ കുറ്റപ്പെടുത്തില്ലെന്നും പറഞ്ഞ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇതിന് പിന്നാലെ തന്നെ യോദി ആദിത്യനാഥിന്റെ ഓഫീസിന്റെ മറുപടി വന്നു. “”ദുരന്ത ബാധിതരായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട മന്ത്രിമാര്‍ ദുരന്തബാധിത പ്രദേശങ്ങള്‍ എത്തിയിട്ടുണ്ടെന്നുമായിരുന്നു ട്വീറ്റ്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ കാര്യം നോക്കിയാല്‍ മതിയെന്ന ട്വീറ്റും ഇതിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ട്വീറ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്‍വലിച്ചു.

എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അവരുടെ കാര്യം നോക്കിയാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിലീറ്റ് ചെയ്തുകളഞ്ഞതെന്ന് ചോദിച്ച് അഭിഷാര്‍ രംഗത്തെത്തി.

“” താങ്കള്‍ പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ ഇക്കാര്യം ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. കാരണം ഇത്രയും വലിയ ഒരു ദുരന്തം സംസ്ഥാനത്ത് ഉണ്ടാകുമ്പോള്‍ ആ സമയത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രധാനമല്ലേ എന്ന് ചോദിക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞ കാലങ്ങളിലും നമുക്ക് സമാനമായ നിരവധി ഉദാഹരണങ്ങളുണ്ട്. “”- അഭിഷാര്‍ ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി കഴിഞ്ഞ ദിവസം ആഞ്ഞടിച്ച പൊടിക്കാറ്റില്‍ 124 പേരാണ് മരിച്ചത്. 90 ഓളം പേരാണ് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 35 മരണങ്ങളാണ് കിഴക്കന്‍ രാജസ്ഥാനിലെ വിവിധ ജില്ലകളിലായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെലങ്കാനയിലും ഉത്തരാഖണ്ഡിലും മരണങ്ങളുണ്ടായി.

രാജസ്ഥാനില്‍ അല്‍വാര്‍, ധോല്‍പൂര്‍, ഭാരത്പൂര്‍ ജില്ലകളിലാണ് പൊടിക്കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചത്. ശക്തമായ പൊടിക്കാറ്റിലും ഇടിമിന്നലിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചവരിലധികവും. വീട് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. അല്‍വാര്‍ ജില്ല മുഴുവന്‍ ഇന്നലെ രാത്രി മുതലേ ഇരുട്ടിലാണ്. ഭാരത്പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 മരണങ്ങളാണ് ജില്ലയില്‍ മാത്രമുണ്ടായത്. ധോല്‍പൂര്‍ ജില്ലയില്‍ നാല്‍പതോളം കുടിലുകള്‍ ഇടിമിന്നലില്‍ തകര്‍ന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more