യു.പിയില്‍ യോഗിയും പ്രിയങ്കയും നേര്‍ക്കുനേര്‍; അതിര്‍ത്തിയിലുള്ള ഡ്രൈവര്‍മാരോട് ലക്‌നൗവിലെത്താന്‍ സര്‍ക്കാര്‍; പുലര്‍ച്ചെ രണ്ട് മണിക്ക് പ്രിയങ്കയുടെ ഇടപെടല്‍
national news
യു.പിയില്‍ യോഗിയും പ്രിയങ്കയും നേര്‍ക്കുനേര്‍; അതിര്‍ത്തിയിലുള്ള ഡ്രൈവര്‍മാരോട് ലക്‌നൗവിലെത്താന്‍ സര്‍ക്കാര്‍; പുലര്‍ച്ചെ രണ്ട് മണിക്ക് പ്രിയങ്കയുടെ ഇടപെടല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2020, 11:17 am

ന്യൂദല്‍ഹി: അതിഥി തൊഴിലാളികള്‍ക്കായി ആയിരം ബസുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസിന് അനുമതി നല്‍കിയ ശേഷവും യു.പിയില്‍ സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകളില്‍ നിയോഗിക്കുന്ന ഡ്രൈവര്‍മാര്‍ രാവിലെ പത്ത് മണിക്കകം തലസ്ഥാനമായ ലക്‌നൗവില്‍ എത്തണമെന്നാണ് സര്‍ക്കാര്‍ പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയിലുള്ള ഡ്രൈവര്‍മാര്‍ എന്തിനാണ് തലസ്ഥാനത്തെത്തുന്നതെന്നും അത് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ഡ്രൈവര്‍മാരോട് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ലൈസന്‍സും സഹിതം രാവിലെ പത്ത് മണിക്കുള്ളില്‍ ലക്‌നൗവില്‍ എത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട് യു.പിയുടെ പ്രത്യേക ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പുലര്‍ച്ചെ രണ്ട് മണിക്ക് സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചു.

സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി സന്ദീപ് സിങ് ആരോപിച്ചു. നിലവില്‍ സംസ്ഥാന അതിര്‍ത്തികളിലുള്ള ബസുകളെ എന്തിനാണ് ഒരു ആചാരത്തിന് മാത്രം ലക്‌നൗവിലേക്ക് വരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് ഞായറാഴ്ച രാത്രി വീണ്ടും അതിഥി തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചത് ചൂണ്ടിക്കാട്ടി പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ബസുകളില്‍ ഇപ്പോള്‍ അതിര്‍ത്തിയിലാണുള്ളത്്. എല്ലാ പ്രതിസന്ധികളോടും പോരടിച്ച ശേഷം ആയിരക്കണക്കിന് തൊഴിലാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വീടുകളിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. അവരെ സഹായിക്കാനെങ്കിലും തയ്യാറാവൂ. ഞങ്ങളുടെ ബസുകള്‍ക്ക് ദയവായി അനുമതി നല്‍കൂ’, പ്രിയങ്ക ട്വീറ്റില്‍ ആവശ്യപ്പെട്ടു.

അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും ആയിരം ബസുകള്‍ ഏര്‍പ്പെടുത്താണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രിയങ്കയുടെ ആവശ്യത്തോട് പ്രതികരിക്കാന്‍ ആദ്യം സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക