ക്രമസമാധാനത്തിന്റെ കാര്യത്തില്‍ യോഗി യു.പിയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചു: അമിത് ഷാ
national news
ക്രമസമാധാനത്തിന്റെ കാര്യത്തില്‍ യോഗി യു.പിയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചു: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st August 2021, 4:00 pm

ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ യോഗി ആദിത്യനാഥ് യു.പിയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസിന്റെ ശിലാസ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ വികസനത്തിനായാണ് ബി.ജെ.പി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘2019 വരെയുള്ള ആറ് വര്‍ഷക്കാലം എനിക്ക് യു.പിയിലൂടെ ഒരുപാട് യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, യു.പി മുമ്പ് എങ്ങനെയായിരുന്നുവെന്ന് എനിക്ക് നന്നായി അറിയാം.

പടിഞ്ഞാറന്‍ യു.പിയില്‍ ക്രമസമാധാന പ്രശ്‌നം ഗുരുതരമായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ഭൂമാഫിയയുടെ അഴിഞ്ഞാട്ടം, കലാപങ്ങള്‍ എന്നിവ ഇവിടെ വ്യാപകമായിരുന്നു,’ അമിത് ഷാ പറഞ്ഞു.

എന്നാല്‍ 2017 മുതല്‍ ഞങ്ങള്‍ ഉത്തര്‍പ്രദേശിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റിക്കൊണ്ടിരിക്കിയാണ്. ബി.ജെ.പി അന്ന് വാഗ്ദാനം ചെയ്തതുപോലെ യു.പിയുടെ ക്രമസമാധാനത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.

‘ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാം, യോഗി ആദിത്യനാഥും സംഘവും ക്രമസമാധാനത്തിന്റെ കാര്യത്തില്‍ യു.പിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നു,’ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ജാതി, കുടുംബങ്ങള്‍, ബി.ജെ.പിയുമായി അടുത്തബന്ധം സൂക്ഷിക്കുന്നവര്‍ എന്നിവ നോക്കിയല്ല ബി.ജെ.പി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബി.ജെ.പി സര്‍ക്കാരുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായി കൂടിയാണ് ഇന്നത്തെ അമിത് ഷായുടെ സന്ദര്‍ശനം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷാ ഉത്തര്‍പ്രദേശില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി എം.പിമാരുടെ യോഗം ചേര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Yogi Adityanath Took UP To “Top Spot”: Amit Shah On State’s Law And Order