| Saturday, 8th August 2020, 10:02 pm

പോകില്ലെന്ന് യോഗി; അയോധ്യയില്‍ പള്ളിക്ക് തറക്കല്ലിടുന്നത് യോഗി ആദിത്യനാഥെന്ന് വഖഫ് ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. ബോര്‍ഡ് അംഗമായ ഓഫീസ് ഭാരവാഹിയാണ് ഇക്കാര്യം അറിയിച്ചത്. അയോധ്യയിലെ ധന്നിപൂരിലാണ് പള്ളി നിര്‍മ്മിക്കാനൊരുങ്ങുന്നത്.

അയോധ്യയില്‍ പള്ളി നിര്‍മ്മാണത്തിനായി അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധന്നിപൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കിയത്.

‘സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പള്ളി നിര്‍മ്മാണത്തിനായി വിട്ടുനല്‍കിയിട്ടുള്ള ധന്നിപൂരിലെ അഞ്ച് ഏക്കറില്‍ ആശുപത്രി, ലൈബ്രറി, കമ്മ്യൂണിറ്റി കിച്ചണ്‍, ഗവേഷണ കേന്ദ്രം എന്നിവയും നിര്‍മ്മിക്കും. ഇവ പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ളവയാണ്. ഈ പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കും’, ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറിയും വക്താവുമായ അഥര്‍ ഹുസൈന്‍ പറഞ്ഞു.

പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുക മാത്രമല്ല, പദ്ധതികളുടെ നിര്‍മ്മാണത്തില്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യോഗി ആദിത്യനാഥ് തറക്കല്ലിടല്‍ ചടങ്ങിന് വരുമോ എന്ന ചോദ്യത്തിന് ഹനഫി, ഹന്‍ബലി, ഷാഫി, മാലികി എന്നീ ഇസ്ലാമിക ചിന്താധാരകള്‍ പ്രകാരം പള്ളിക്ക് തറക്കല്ലിടാന്‍ വ്യവസ്ഥകളില്ലെന്നും അഥര്‍ ഹുസൈന്‍ വ്യക്തമാക്കി. പള്ളിക്ക് ബാബ്‌റി മസ്ജിദ് എന്ന പേരിടുന്നതുമായി ബന്ധപ്പെട്ട ആലോചനകളില്ലെന്നും പേര് നിലവില്‍ തീരുമാനിച്ചിട്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിയുടെ നിര്‍മ്മാണത്തിനായി യു.പി സുന്നി വഖഫ് ബോര്‍ഡ് സംസ്ഥാന തലസ്ഥാനത്ത് ഓഫീസ് സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ്. 10-20 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പ്രവര്‍ത്തനക്ഷമമാകും.

അയോധ്യയില്‍ ബാബരി പള്ളിക്ക് പകരം നിര്‍മ്മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചടങ്ങിന് ആദിത്യനാഥിനെ ക്ഷണിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

‘മുഖ്യമന്ത്രിയെന്ന നിലയില്‍ ആരെയും മാറ്റി നിര്‍ത്തില്ല. എന്നാല്‍ യോഗി ആദിത്യനാഥിനോടാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ പള്ളിയുടെ ഉദ്ഘാടനത്തിന് ഞാന്‍ പോകില്ല. കാരണം ഞാനൊരു ഹിന്ദുവാണ്’ എന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദുവിന്റെ ആചാരങ്ങളനുസരിച്ച് ജീവിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ആരും ക്ഷണിക്കില്ലെന്ന് ഉറപ്പാണ്. അവര്‍ ക്ഷണിക്കുകയാണെങ്കില്‍ ഉടനെ മതേതരത്വം അപകടത്തിലാണെന്ന് പറഞ്ഞ് കുറേ പേര്‍ രംഗത്തെത്തും. തനിക്ക് അവരുടെ മതേതരത്വം ആവശ്യമില്ലെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more