| Friday, 1st June 2018, 6:06 pm

കൈരാനയിലെ തോല്‍വി: യു.പിയില്‍ യോഗിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എയുടെ കവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കൈരാന ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തുറന്നടിച്ച് ബി.ജെ.പിയിലെ തന്നെ എം.എല്‍.എ രംഗത്ത്. ഹര്‍ദോയി ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായ ശ്യാം പ്രകാശാണ് ഫേസ്ബുക്കിലൂടെ യോഗിയ്‌ക്കെതിരെ രംഗത്തുവന്നത്.

ആക്ഷേപഹാസ്യ കവിതയിലൂടെയാണ് യോഗിയ്‌ക്കെതിരെ ഇദ്ദേഹം രംഗത്തുവന്നിരിക്കുന്നത്.

“മോദിയുടെ പേരില്‍ നമ്മള്‍ അധികാരത്തിലെത്തി. പക്ഷേ ജനങ്ങളെ സേവിച്ചില്ല. അധികാരക്കസേരകള്‍ സംഘപരിവാര്‍ സംഘടനകള്‍ കയ്യടക്കി. പാവം മുഖ്യമന്ത്രി അസന്തുഷ്ടനാണെന്ന് തോന്നുന്നു. ജനങ്ങളും എം.എല്‍.എമാരും തമ്മില്‍ അങ്ങേയറ്റത്തെ മോശം ബന്ധം. ബ്യൂറോക്രാറ്റുകളും പ്രസിഡന്റും കൈക്കൂലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.” എന്നര്‍ത്ഥം വരുന്ന കവിതയാണ് അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.


Also Read:പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് താമസിക്കാം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി


കൈരാന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു നേരിടേണ്ടിവന്നത്. യു.പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയശേഷം നടന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പിലെല്ലാം ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും സ്റ്റാര്‍ കാമ്പെയ്‌നറും യോഗി ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനാണ് പരാജയത്തിന്റെ ഉത്തരവാദിത്തമെന്നാണ് പാര്‍ട്ടി നേതാവ് പരസ്യമായി പറഞ്ഞത്.

“ഇത് എന്റെ അഭിപ്രായമാണ്. അഴിമതി കൂടിയിരിക്കുന്നു. ഈയൊരറ്റക്കാരണം കൊണ്ടാണ് ജനങ്ങള്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി കഠിനാധ്വാനം ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കണം. ഇല്ലെങ്കില്‍ ഒന്നും നടക്കില്ല.” കവിത വിവാദമായതിനു പിന്നാലെ ശ്യാം പ്രകാശ് പറഞ്ഞു.

We use cookies to give you the best possible experience. Learn more