ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഉത്തര്‍പ്രദേശിനെ രാജ്യത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനാക്കി മാറ്റുകയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഉത്തര്‍പ്രദേശിനെ നവ ഇന്ത്യയുടെ വളര്‍ച്ചാ യന്ത്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബാങ്കിങ് രംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ശിഷ്യണത്തില്‍ യു.പി വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണെന്നും രാജ്യത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കാകാന്‍ കെല്‍പ്പുള്ള സംസ്ഥാനമാണ് യു.പിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്‌നം നിറവേറ്റാന്‍ യു.പി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് വികസന യാത്ര തുടരുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചയിലേക്ക് മുഖ്യപങ്കാകാന്‍ സാധ്യതയുള്ള സംസ്ഥാനമാണെന്നാണ് ഉത്തര്‍പ്രദേശിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ സ്വപ്നം നിറവേറ്റാന്‍ തയ്യാറാണ്. ഉത്തര്‍പ്രദേശ് എല്ലാ മേഖലയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാകും,’ യോഗി പറഞ്ഞു.
ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കാന്‍പോകുന്ന ആഗോള നിക്ഷേപക ഉച്ചകോടി ചരിത്രസംഭവമായി മാറുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
‘ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന ചരിത്ര നേട്ടത്തിലേക്കെത്തിക്കുന്നതില്‍ ഉത്തര്‍പ്രദേശിന് നിര്‍ണായക പങ്ക് വഹിക്കാനാകും. ഒരു ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് വളരുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തര്‍പ്രദേശിന്റെ ലക്ഷ്യം,’ യോഗി ആദിത്യനാഥ് പറഞ്ഞു.