ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചില നേതാക്കള്‍ കൊവിഡ് അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയ സമയത്ത് ‘ഹോം ഐസലേഷനി’ല്‍ കഴിഞ്ഞവരാണ് എന്നായിരുന്നു യോഗിയുടെ വിമര്‍ശനം.
”കൊവിഡിന്റെ സമയത്ത് വീട്ടിലിരുന്ന നേതാക്കളെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നമ്മള്‍ അവിടെ തന്നെ ഇരുത്തണം,” യു.പിയിലെ ഇടാവയില്‍ നടന്ന ഒരു പാര്‍ട്ടി യോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരോട് യോഗി പറഞ്ഞു.
”കൊവിഡ് വര്‍ധിച്ച സമയത്തും ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍, മഹാമാരി സമയത്ത് സാഹചര്യം വിലയിരുത്താനും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെ കാണാനും ഞാന്‍ രണ്ട് തവണ ഇവിടെ വന്നിരുന്നു,” ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമം മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ വീട്ടിലിരിക്കുകയായിരുന്നെന്നും തെരഞ്ഞെടുപ്പ് സമയത്തും വീട്ടിലിരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അത് ജനങ്ങള്‍ ഉറപ്പുവരുത്തണമെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.