ന്യൂദല്‍ഹി: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും രാജ്യത്തുള്ളവരെല്ലാം ഹിന്ദുക്കളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യോഗിയുടെ വിവാദ പരാമര്‍ശം. ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോയും യോഗി ആദിത്യനാഥ് പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യ അന്നും ഇന്നും എന്നും ഹിന്ദു രാഷ്ട്രമായി തുടരും എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയുള്ള തന്ത്രപ്രധാനമായ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യോഗി. ഇന്ത്യ അഖണ്ഡ ഭാരതാമാകണമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ പതിയെ ഇന്ത്യയിലേക്ക് ലയിക്കുമെന്നും ഇതോടെ രാജ്യം അഖണ്ഡ ഭാരതമായി മാറുമെന്നും യോഗി ആദിത്യനാഥ് പറയുന്നത് വീഡിയോയില്‍ കാണാം.
‘ഹിന്ദു സ്വത്വം ഒരു മതവുമായോ വിഭാഗവുമായോ ബന്ധപ്പെട്ടതല്ല. മറിച്ച് അതൊരു സാംസ്‌കാരിക സ്വത്വമാണ്. ഇന്ത്യയില്‍ നിന്ന് ആരെങ്കിലും ഹജ്ജ് നിര്‍വഹിക്കാന്‍ പോയാല്‍ അവനെ ഹിന്ദു എന്നാണ് അവിടെ അഭിസംബോധന ചെയ്യുക. ആരും അദ്ദേഹത്തെ ഹാജിയായല്ല കാണുന്നത്. ആരും അവനെ ഇസ്‌ലാമായി അംഗീകരിക്കുന്നില്ല. അവന്‍ ഹിന്ദുവാണ്. അങ്ങനെ നോക്കിയാല്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാരണം ഓരോ പൗരനും ഹിന്ദുവാണ്,’ യോഗി ആദിത്യനാഥ് പറയുന്നു.
അതേസമയം യു.പിയിലെ ബന്ദ ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തിരുന്നു. നിര്‍മാണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബജ്‌റംഗ്ദള്‍-വി.എച്ച്.പി പ്രവര്‍ത്തകര്‍ പള്ളിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. പള്ളി നവീകരിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും പുതിയ നിര്‍മിതികള്‍ക്കല്ലെന്നും സംഘം ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയാണ് ആക്രമണങ്ങള്‍ നടടന്നതെന്നാണ് റിപ്പോര്‍ട്ട്.