| Thursday, 2nd June 2022, 3:56 pm

'സാമ്രാട്ട് പൃഥ്വിരാജ് ' യു.പിയില്‍ നികുതി ഒഴിവാക്കും: ഇന്ത്യയുടെ ചരിത്രം മനോഹരമായി കാണിച്ച ചിത്രമെന്ന് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിന്നാലെ ‘സാമ്രാട്ട് പൃഥ്വിരാജ് ‘എന്ന ബോളിവുഡ് ചിത്രത്തെ പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സാമ്രാട്ട് പൃഥ്വിരാജ് ചിത്രത്തിന് യു.പിയില്‍ നികുതി ഒഴിവാക്കുമെന്നും അതുവഴി എല്ലാ സാധാരണക്കാര്‍ക്കും ഈ സിനിമ കാണാന്‍ കഴിയുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

‘സാമ്രാട്ട് പൃഥ്വിരാജ് ‘നികുതി രഹിതമാക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു, അക്ഷയ് കുമാര്‍ തന്റെ സിനിമയില്‍ ഇന്ത്യയുടെ ചരിത്രം മനോഹരമായി കാണിച്ചിരിക്കുന്നു. അതിനാലാണ് ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്രാട്ട് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷമായിരുന്നു യോഗിയുടെ പ്രതികരണം.

റിലീസിനു മുന്‍പ് രാഷ്ട്രീയ പ്രമുഖര്‍ക്കായി നടത്തിയ പ്രത്യേക സ്‌ക്രീനിംഗിലാണ് അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ സിനിമ കണ്ടത്. അക്ഷയ് കുമാറും ഒപ്പമുണ്ടായിരുന്നു.

ചിത്രത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ രംഗത്തെത്തിയിരുന്നു.

‘സാമ്രാട്ട് പൃഥ്വിരാജ് ‘ ഇന്ത്യന്‍ സംസ്‌കാരത്തെ വര്‍ണിക്കുന്നതാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ മുതല്‍ ദല്‍ഹി വരെയുള്ള യുദ്ധങ്ങള്‍ക്കിടയില്‍ പോരാടിയ ഒരു വീരന്റെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തമെന്നും അമിതാ ഷാ പറഞ്ഞു.

1947-ല്‍ ഇന്ത്യ സ്വതന്ത്രമായെങ്കിലും സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഒരു യുഗം 2014-ലാണ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അക്ഷയ് കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചക്ക് പിന്നില്‍ നരേന്ദ്ര മോദിയുടെ ‘സംഭാവനകളെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യന്‍ സിനിമ അന്താരാഷ്ട്ര തലത്തില്‍ വളരുകയാണെന്നും അതിന് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ പങ്ക് ഉണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

മോദിക്ക് കീഴില്‍ ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജ് റിലീസിനൊരുങ്ങി നില്‍ക്കവെയായിരുന്നു താരത്തിന്റെ പരാമര്‍ശം.

നാളെയാണ് ചിത്രത്തിന്റെ റിലീസ്. ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.

പൃഥ്വിരാജ് ചൗഹാന്റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തുക. മാനുഷി ഛില്ലറിന്റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വാരണാസിയിലെ ഗംഗാതീരത്ത് എത്തിയ അക്ഷയ് കുമാര്‍ ആരതി നടത്തുകയും ഗംഗയില്‍ മുങ്ങുകയും ചെയ്തു.

ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ് വേള്‍ഡ് മാനുഷി ഛില്ലറും മറ്റ് അണിയറപ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പ്രിയതാരത്തെ നേരില്‍ കാണാനായി ആയിരങ്ങളാണ് ഗംഗാതീരത്ത് തടിച്ചുകൂടിയത്.

Content Highlights: yogi Adityanath says Akshay Kumar’s Samrat Prithviraj declared tax free in UP

We use cookies to give you the best possible experience. Learn more