| Saturday, 11th May 2024, 8:21 pm

ഗോഹത്യയെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് രാമദ്രോഹികളില്‍ ഉള്‍പ്പെട്ടവരാണ്: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് രാമഭക്തരും രാമദ്രോഹികളും തമ്മിലുള്ള പോരാട്ടമാണെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോഹത്യയെ പ്രോത്സാഹിപ്പിക്കുന്നവരും മുസ്‌ലിങ്ങൾക്ക് സംവരണം നല്‍കുന്നവരുമായ കോണ്‍ഗ്രസ് രാമദ്രോഹികളില്‍ ഉള്‍പ്പെടുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ കാത്തിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് റാലിയില്‍ പറയുകയുണ്ടായി. അംബേദ്കറുടെ ഉത്തരവിനെ വഞ്ചിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുസ്‌ലിങ്ങൾക്ക് സംവരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും യോഗി പറഞ്ഞു. ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.

ഉള്ള സംവരണം മുസ്‌ലിങ്ങൾക്ക് നല്‍കിയാല്‍ ദളിതരും ഒ.ബി.സിക്കാരും എവിടേക്ക് പോകുമെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.

‘ഞാന്‍ രാമന്റെ നാട്ടില്‍ നിന്നാണ് വരുന്നത്. സീതാ ദേവിയുടെ ജന്മസ്ഥലമായ ബീഹാറിലെ ജനങ്ങളുടെ ഹൃദയത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് എനിക്കറിയാം,’ യോഗി പറഞ്ഞു. രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തവരും മാഫിയ ഡോണുകളുടെ മരണത്തില്‍ വിലപിച്ചവരും രാമദ്രോഹികളില്‍ ഉള്‍പ്പെടുന്നുവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

‘ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും എന്‍.ഡി.എ വിജയിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ബീഹാറും സമാനമായ ക്ലീന്‍ സ്വീപ്പിന് സാക്ഷ്യം വഹിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ യോഗി ബീഹാറില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ അക്ബര്‍പൂരിന്റെ പേര് മാറ്റാനൊരുങ്ങുന്നതായി യോഗി ആദിത്യനാഥ് സൂചന നല്‍കിയിരുന്നു. അടിമത്തത്തിന്റെ അടയാളങ്ങള്‍ അവസാനിപ്പിക്കണമെന്നും നമ്മള്‍ മാനിക്കേണ്ടത് ഭാരതത്തിന്റെ പൈതൃകത്തെയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസ്താവനകള്‍ പ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നത് രാമഭക്തരും രാമദ്രോഹികളും തമ്മിലുള്ള പോരാട്ടമാണെന്നും യോഗി ആദിത്യനാഥ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

Content Highlight: Yogi Adityanath said that Congress is among Ramdrohis who promote cow slaughter and give reservation to Muslims

We use cookies to give you the best possible experience. Learn more