രാമക്ഷേത്രം ഇന്ത്യയുടെ 'രാഷ്ട്ര മന്ദിര്‍' ആയിരിക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി യോഗി
national news
രാമക്ഷേത്രം ഇന്ത്യയുടെ 'രാഷ്ട്ര മന്ദിര്‍' ആയിരിക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി യോഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th February 2022, 7:02 pm

ലക്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ‘രാഷ്ട്ര മന്ദിര്‍’ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പിയിലെ കര്‍ഹാളില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കവെയായിരുന്നു യോഗിയുടെ പരമാര്‍ശം. രാമക്ഷേത്രം 2023ഓടെ ഒരുങ്ങുമെന്നും അദ്ദേഹം പ്രാഖ്യാപിച്ചു.

രാമക്ഷേത്രം ഇത്തവണയും തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ് എന്ന് സൂചിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ യോഗി നടത്തിയിരുന്നു. രാമക്ഷേത്രം നിര്‍മിക്കാതെ ആ സ്ഥാനത്ത് ഒരു മുസ്‌ലിം സര്‍വകലാശാല നിര്‍മിക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കിയതെന്ന് യോഗി പറഞ്ഞിരുന്നു.

‘കോണ്‍ഗ്രസിന് 1947ല്‍ തന്നെ രാമക്ഷേത്രം നിര്‍മിക്കാമായിരുന്നു. എന്നാല്‍, അതൊരിക്കലും അവരുടെ അജണ്ടയായിരുന്നില്ല. അവര്‍ എന്നും രാമക്ഷേത്ര നിര്‍മാണത്തിന് എതിരായിരുന്നു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കണ്ടു. സംസ്ഥാനത്ത് ഒരു മുസ്‌ലിം സര്‍വകലാശാല നിര്‍മിക്കുമെന്നാണ് അവര്‍ അതില്‍ പറയുന്നത്,’ എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ കശ്മീരോ ബംഗാളോ കേരളമോ ആയി ഉത്തര്‍പ്രദേശ് മാറുമെന്ന് യോഗി പറഞ്ഞതും വിവാദമായിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു.

യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്, എന്നായിരുന്നു പിണറായി വിജയന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി പറഞ്ഞത്.

കേരളം പോലെയാകാന്‍ യു.പിയിലെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ പറയൂ, എന്നായിരുന്നു വി.ഡി. സതീശന്‍ ട്വീറ്റ് ചെയ്തത്.

CONTENT HIGHLIGHTS:  Yogi Adityanath said once completed, the grand Ram temple will become the ‘Rashtra Mandir