| Sunday, 18th September 2022, 8:15 pm

യു.പിയിലെ ക്രമസമാധാനം ലോകത്തിന് തന്നെ മാതൃക: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ ക്രമസമാധാനനില ലോകത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസ് മോഡണൈസേഷന്‍ സ്‌കീമിന് കീഴില്‍ 56 ജില്ലകളിലെ ആധുനിക ജയില്‍ വാനുകളുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു യോഗിയുടെ അവകാശവാദം.

2017ന് മുന്‍പ് സംസ്ഥാനത്ത് കലാപങ്ങളും ഗുണ്ടായിസവും തുടര്‍ക്കഥയായിരുന്നുവെന്നും എന്നാല്‍ ഇന്ന് സ്ഥിതി മാറിയെന്നും യോഗി പറഞ്ഞു. മുമ്പ് പൊലീസുകാര്‍ ഓടുമ്പോള്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാനത്തെ ക്രമസമാധാന നില രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. 2017ന് മുമ്പ് കലാപങ്ങളും അരാജകത്വവും ഗുണ്ടായിസവും അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ച് ആളുകള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് നിയമവാഴ്ചയുണ്ട്. മുന്‍പ് പൊലീസുകാര്‍ ഓടുമ്പോള്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയായിരുന്നു,’ യോഗി പറഞ്ഞു.

മെച്ചപ്പെട്ട ക്രമസമാധാനത്തിനായി പൊലീസ് മോഡണൈസേഷന്‍ സ്‌കീമിന് കീഴില്‍ യു.പി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് ആധുനിക ജയില്‍ വാന്‍. സാങ്കേതിക വിദ്യയില്ലാത്ത പഴയ വാഹനങ്ങളിലാണ് തടവുകാരെ നേരത്തെ ജയിലിലേക്ക് കൊണ്ടുപോയതെന്നും ഇതുമൂലം തടവുകാര്‍ ഓടിപ്പോവുകയോ ക്രിമിനല്‍ സംഘം അവരെ ആക്രമിച്ച് മോചിപ്പിക്കുകയോ ചെയ്യുമായിരുന്നു. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നടപടിയെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

പുതിയ ജയില്‍ വാനുകളില്‍ തടവുകാരനെ ജയിലില്‍ നിന്ന് കോടതിയിലേക്കും കോടതിയില്‍ നിന്ന് ജയിലിലേക്കും കൊണ്ടുപോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനുള്ള സാങ്കേതികവിദ്യ സജ്ജീകരിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി.

2017ന് മുന്‍പ് യു.പി ഭരിച്ചിരുന്നത് അഴിമതിക്കാരാണെന്ന പ്രസ്താവനയുമായി യോഗി നേരത്തെ രംഗത്തെത്തിയിരുന്നു. അഴിമതിയിലൂടെ അത്തരക്കാര്‍ നേടിയെടുത്ത സ്വത്തുക്കള്‍ പൊതുജനങ്ങള്‍ക്ക് വീതിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യു.പിയില്‍ നിന്ന് ഒരാള്‍ മറ്റെവിടെക്കെങ്കിലും പോയിട്ടുണ്ടെങ്കില്‍ സ്വന്തം പേരുവിവരങ്ങള്‍ മറച്ചുവെക്കേണ്ട അവസ്ഥയായിരുന്നു മുന്‍പ്. എന്നാല്‍ ഇന്ന് സ്ഥിതി അതില്‍ നിന്ന് ഒരുപാട് മാറിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യു.പി മോഡല്‍ രാജ്യത്തുടനീളം അംഗീകാരം നേടിയതാണെന്നും യോഗി അവകാശപ്പെട്ടിരുന്നു.

Content Highlights:  Yogi Adityanath Said Law and order in UP is an example for the world

We use cookies to give you the best possible experience. Learn more