| Saturday, 1st January 2022, 8:23 am

ഈ പാര്‍ട്ടിയുടെ കൊടിനാട്ടിയ വണ്ടി കണ്ടാല്‍ അതിനുള്ളില്‍ ഗുണ്ടകളുണ്ടാകുമെന്ന് ജനങ്ങള്‍ക്കറിയാം: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് രാജ്യത്തിന് ഒരു പ്രശ്‌നമാണെന്നും അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും വേരായി പ്രവര്‍ത്തിക്കുകയാണെന്നും യോഗി ആരോപിച്ചു.

യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംഘടിപ്പിച്ച ‘ജന്‍ വിശ്വാസ് യാത്ര’യില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.

സമാജ്‌വാദി പാര്‍ട്ടിയെ ഉന്നംവെച്ചും യോഗി പ്രസംഗത്തില്‍ സംസാരിച്ചു. ”ഈ പാര്‍ട്ടിയുടെ കൊടി നാട്ടിയ വണ്ടി കണ്ടാല്‍ അതിനുള്ളില്‍ ഗുണ്ടകളുണ്ടാകുമെന്ന് ജനങ്ങള്‍ക്കറിയാം,” എന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടിയെ ഉന്നംവെച്ച് യോഗി പറഞ്ഞത്.

സോണിയ ഗാന്ധിയുടെ മണ്ഡലമാണ് റായ്ബറേലി. ”റായ് ബറേലിയിലെ പ്രതിനിധി ബി.ജെ.പിക്കൊപ്പം ചേരുന്നത് കണ്ടാല്‍ അറിയാം കോണ്‍ഗ്രസ് റായ്ബറേലിയില്‍ നിന്നും പിഴുതെറിയപ്പെടും എന്ന്.

കോണ്‍ഗ്രസ് രാജ്യത്തിനൊരു പ്രശ്‌നമാണ്. വിദേശഭരണം റായ്ബറേലി ഒരിക്കലും അംഗീകരിച്ചിട്ടില്ല,” യു.പി മുഖ്യമന്ത്രി പറഞ്ഞു.

ഭാഷയുടെയും മതത്തിന്റെയും പേരില്‍ വിവേചനം വളര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും യോഗി തന്റെ പ്രസംഗത്തില്‍ ആരോപിച്ചു.

റായ്ബറേലിയില്‍ 834 കോടി രൂപയുടെ 381 പദ്ധതികള്‍ യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തതായി ഉത്തര്‍പ്രദേശ് ബി.ജെ.പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Yogi Adityanath said Congress is a problem for the country, root of corruption

We use cookies to give you the best possible experience. Learn more