വിമത മന്ത്രി ഓം പ്രകാശ് രാജ്ബാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി യോഗി ആദിത്യനാഥ്
D' Election 2019
വിമത മന്ത്രി ഓം പ്രകാശ് രാജ്ബാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 11:20 am

 

ന്യൂദല്‍ഹി: യു.പിയിലെ വിമത മന്ത്രി ഓം പ്രകാശ് രാജ്ബറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാജ്ബറിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് യോഗി ആദിത്യനാഥ് കത്തെഴുതി

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് ഓം പ്രകാശ് രാജ്ബര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

അഖിലേഷ് യാദവും മായാവതിയും യു.പിയില്‍ തരംഗമാകുമെന്നായിരുന്നു രാജ്ബര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് രാജ്ബറിനെ പുറത്താക്കിക്കൊണ്ടുള്ള നടപടി.

കിഴക്കന്‍ യുപിയിലെ പൂര്‍വാഞ്ചലില്‍ മഹാസഖ്യത്തിനാണ് ആധിപത്യമെന്ന് രാജ്ബര്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമായിരുന്നു രാജ്ബറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. എന്നാല്‍ ഇവര്‍ ബി.ജെ.പിയുമായി ഇടഞ്ഞ് സഖ്യം ഉപേക്ഷിക്കുകയായിരുന്നു.

കിഴക്കന്‍ യുപിയില്‍ 39 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട് സുഹല്‍ദേവ് പാര്‍ട്ടി. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. സഖ്യം തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ഉപേക്ഷിച്ചതെന്ന് രാജ്ബര്‍ പറഞ്ഞു.

ഏപ്രില്‍ 13ന് രാജ്ബര്‍ മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു. രാജി സ്വീകരിക്കണോ വേണ്ടയോ എന്നത് ബി.ജെ.പിയാണ് തീരുമാനിക്കേണ്ടതെന്നും, സര്‍ക്കാരുമായി ഇനി ബന്ധമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

യുപിയില്‍ തന്റെ പാര്‍ട്ടിയെ ബി.ജെ.പി അവഗണിച്ചെന്ന് രാജ്ബര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

കിഴക്കന്‍ യു.പിയില്‍ സുഹല്‍ദേവ് പാര്‍ട്ടി ആവശ്യപ്പെട്ട സീറ്റുകള്‍ ബി.ജെ.പി തന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. പൂര്‍വാഞ്ചല്‍ മേഖലയില്‍ രാജ്ബര്‍ വിഭാഗം 20 ശതമാനത്തോളം വരും. യാദവര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ള വിഭാഗവും ഇവരാണ്.