ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയത്തെയും ത്രിഭാഷാ നയത്തെയും കുറിച്ചുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം, ബ്ലാക്ക് കോമഡിയും ഇരുണ്ട രാഷ്ട്രീയവുമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഡി.എം.കെ നേതാവ് പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമര്‍ശം.
ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെയും ന്യായമായ പാര്‍ലമെന്റ് സീറ്റ് പുനര്‍നിര്‍ണയ പ്രക്രിയയ്ക്കുള്ള തമിഴ്‌നാടിന്റെ ദീര്‍ഘകാല എതിര്‍പ്പിനെയും കുറിച്ച് സ്റ്റാലിന്‍ പറഞ്ഞു. ദ്വിഭാഷാ നയത്തിലും അതിര്‍ത്തി നിര്‍ണയത്തിലും സംസ്ഥാനത്തിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യത്തുടനീളം ശക്തി പ്രാപിക്കുന്നുണ്ടെന്നും ഇത് ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുണ്ടെന്നും സ്റ്റാലിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
അങ്ങനെയുള്ള യോഗി വെറുപ്പിനെ കുറിച്ച് പറയുകയാണെന്നും ഇത് വിരോധാഭാസമല്ലെന്നും ബ്ലാക്ക് കോമഡിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഷയെയും തന്റെ പാര്‍ട്ടി എതിര്‍ക്കുന്നില്ലെന്നും മറിച്ച് ഭാഷാപരമായ അടിച്ചേല്‍പ്പിക്കലിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ലെന്നും ഇത് അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുപകരം, ഭാഷയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത്തരം രാഷ്ട്രീയം രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞത്.
അതിര്‍ത്തി നിര്‍ണയത്തെക്കുറിച്ചുള്ള സ്റ്റാലിന്റെ ആശങ്കകള്‍ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നും യോഗി പറഞ്ഞിരുന്നു. ത്രിഭാഷാ നയത്തെയും പാര്‍ലമെന്ററി മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തെയും തുടര്‍ന്നുള്ള കേന്ദ്രത്തിന്റെ തമിഴ്‌നാട് സര്‍ക്കാരിന്റെയും വാഗ്‌വാദങ്ങള്‍ ഉയരുന്നതിനിടെയാണിത്.
Content Highlight: Yogi Adityanath’s remarks on constituency delimitation and three-language policy are black comedy: MK Stalin