| Thursday, 8th July 2021, 8:10 pm

യു.പിയിലെ റോഡുകള്‍ക്ക് കര്‍സേവകരുടെ പേരിടാനൊരുങ്ങി യോഗി സര്‍ക്കാര്‍; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പി. അജണ്ടയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റോഡുകള്‍ക്ക് കര്‍സേവകരുടെ പേരുകള്‍ നല്‍കാനൊരുങ്ങി യോഗി സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് യോഗിയുടെ പുതിയ പ്രഖ്യാപനം.

ബാബരി മസ്ജിദ് തകര്‍ത്തതിന് ഭാഗമായ കര്‍സേവ പ്രവര്‍ത്തകരോടുള്ള ആദരസൂചകമായാണ് റോഡുകളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നത്. ‘ബലിദാനി റാം ഭക്ത് മാര്‍ഗ്’ എന്നായിരിക്കും യു.പിയിലെ സര്‍ക്കാര്‍ റോഡുകള്‍ ഇനി അറിയപ്പെടുക.

സര്‍ക്കാര്‍ പദ്ധതികളുടെ ശിലാസ്ഥാപന വേളയില്‍ യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയാണ് സംസ്ഥാനത്തെ റോഡുകള്‍ക്ക് കര്‍സേവകരുടെ പേര് നല്‍കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മരണപ്പെട്ട കര്‍സേവകരുടെ വീടുകളിലേക്കുള്ള പ്രധാന റോഡുകളെയാണ് പുനര്‍നാമകരണം ചെയ്യുന്നത്. ഇവരുടെ ചിത്രവും പേരും എഴുതിയ ബോര്‍ഡുകള്‍ ഇതോടൊപ്പം സ്ഥാപിക്കുമെന്നും കേശവ് മൗര്യ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ശത്രുക്കളോട് പോരാടി അന്തരിച്ച സൈനികരുടെയും പൊലീസുകാരുടെയും ഓര്‍മ്മയ്ക്കായി ജയ് ഹിന്ദ് വീര്‍ പഥ് നിര്‍മിക്കുമെന്നും കേശവ് മൗര്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പി. അജണ്ടയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Yogi Adityanath Renames Public Roads

We use cookies to give you the best possible experience. Learn more