| Tuesday, 6th November 2018, 6:32 pm

ഫൈസാബാദ് ജില്ല ഇനി മുതല്‍ 'ശ്രീ അയോധ്യ'; പേരുമാറ്റി യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് “ശ്രീ അയോധ്യ” എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നു മാറ്റിയതിനു പിന്നാലെയാണ് ഫൈസാബാദിന്റെ പെരുമാറ്റം.

“അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റേയും പ്രതാപത്തിന്റേയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ല”- പെരുമാറ്റം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.


രാമന്റെ പേരില്‍ അയോധ്യയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു. കൂടാതെ രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുമെന്നും ആദിത്യനാഥ് അറിയിച്ചു. ദീപാവലിയോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

ഫൈസാബാദ്, അയോധ്യ നഗരങ്ങള്‍ ചേര്‍ന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസാബാദിനു കീഴിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ പേര് അയോധ്യ നഗര്‍ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തില്‍ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെ മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കട്ട്യാറും വി.എച്ച്.പിയും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, കൂട്ടായ ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കി അയോധ്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സമയം തീര്‍ന്നെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിര്‍മിക്കാനാണ് ഇനി ശ്രമമെന്നും ബി.ജെ.പി വ്യക്തമാക്കി. കേന്ദ്ര ഓര്‍ഡിനന്‍സിലൂടെ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഫൈസാബാദ് ജില്ലാ തലവന്‍ അവധേഷ് പാണ്ഡെയുടെ പ്രസ്താവന.


വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ജനസംഖ്യയിലെ ഭൂരിപക്ഷം പേരും ക്ഷേത്ര നിര്‍മാണത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ക്കു വേണ്ടി സംസാരിക്കാന്‍ നിലവില്‍ ബി.ജെ.പി മാത്രമേ ഉള്ളൂവെന്നും പാണ്ഡെ പറഞ്ഞു.

We use cookies to give you the best possible experience. Learn more