ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി. വെള്ളിയാഴ്ച രാവിലെ കൊവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു.
‘നിങ്ങളുടെ ആശംസകളും ഡോക്ടര്‍മാരുടെ പരിചരണവും കാരണം ഞാന്‍ കൊവിഡ് നെഗറ്റീവായിരിക്കുകയാണ്. നിങ്ങളുടെ സഹകരണത്തിനും എനിക്ക് ആശംസകള്‍ നേര്‍ന്നവരോടും നന്ദി പറയുന്നു’ യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏതാനും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 13നാണ് യോഗി ആദിത്യനാഥ് ക്വാറന്റീനില്‍ പ്രവേശിച്ചത്. അടുത്ത ദിവസം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആ സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഐസലേഷനില്‍ പോകുകയാണെന്നും ആദിത്യനാഥ് അറിയിച്ചിരുന്നു.