കോണ്‍ഗ്രസ് രാജ്യത്തിന് ബാധ്യത ; തുടച്ചുനീക്കപ്പെടേണ്ടതുണ്ട്; രാഹുലിന്റെ പത്രികാ സമര്‍പ്പണത്തെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്
Daily News
കോണ്‍ഗ്രസ് രാജ്യത്തിന് ബാധ്യത ; തുടച്ചുനീക്കപ്പെടേണ്ടതുണ്ട്; രാഹുലിന്റെ പത്രികാ സമര്‍പ്പണത്തെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്
എഡിറ്റര്‍
Monday, 4th December 2017, 3:03 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഈ രാജ്യത്തിന്റെ ബാധ്യതയായി കോണ്‍ഗ്രസ് മാറിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ഗാന്ധിയുടെ വരവോടെ അത് പൂര്‍ണമാകുമെന്നും ഈ ബാധ്യതകളെയെല്ലാം രാജ്യത്ത് നിന്ന് ഇല്ലാതാക്കേണ്ടതുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.


Dont Miss വായു നല്ലതല്ലെങ്കില്‍ ക്രിക്കറ്റ് സംഘടിപ്പിക്കരുതായിരുന്നു;ദല്‍ഹി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍


തന്റെ പ്രവൃത്തിയിലൂടെയും പ്രസംഗത്തിലൂടെയും രാഹുല്‍ഗാന്ധി നമ്മളെ ചിരിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു. യു.പിയിലെ സിവില്‍ പോള്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയെങ്കിലും കോണ്‍ഗ്രസ് കണ്ണുതുറക്കണം.

കോണ്‍ഗ്രസ് അവിടെ തുടച്ചുനീക്കപ്പെട്ടു. അമേത്തിയില്‍ പോലും സ്വന്തം പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ രാഹുല്‍ഗാന്ധിക്കായില്ല. ഗുജറാത്തിലെ വികസന നയത്തെ ചോദ്യം ചെയ്യാന്‍ ഒരു തരത്തിലുള്ള അവകാശവും രാഹുലിന് ഇല്ലെന്നും അമേത്തിയില്‍ രാഹുലിന്റെ നാല് തലമുറ ഭരിച്ചിട്ടും ഒരു ഡി.എം ഓഫീസും സി.എഎം.ഓഫീസും സ്ഥാപിക്കാനാകാത്തവരാണ് ഗുജറത്തിന്റെ വികസന നയത്തെ ചോദ്യം ചെയ്യുന്നതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ഇന്നാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിലവില്‍ രാഹുല്‍ ഉപാദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ആളാണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ഇതുവരെ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. രാഹുലിനെതിരെ ആരും മത്സരിക്കില്ല എന്നാണ് കരുതപ്പെടുന്നത്.

കോണ്‍ഗ്രസ്സിന്റെ ഭരണഘടന അനുസരിച്ച് രാഹുല്‍ സ്വമേധയാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും 10 പ്രാദേശിക കോണ്ഗ്രസ്സ് കമ്മിറ്റി പ്രധിനിധികളില്‍ നിന്നും മത്സരിക്കുന്നതിനുള്ള സമ്മതവും തേടിയിരിക്കണം.