നോട്ടുനിരോധനമല്ല, യോഗി ആദിത്യനാഥാണ് മോദിക്കു പറ്റിയ ഏറ്റവും വലിയ മണ്ടത്തരം; കാര്യകാരണങ്ങള്‍ നിരത്തി മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത
national news
നോട്ടുനിരോധനമല്ല, യോഗി ആദിത്യനാഥാണ് മോദിക്കു പറ്റിയ ഏറ്റവും വലിയ മണ്ടത്തരം; കാര്യകാരണങ്ങള്‍ നിരത്തി മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th December 2018, 11:58 am

ന്യൂദല്‍ഹി: നോട്ടുനിരോധനമല്ല യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നതാണ് പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരേന്ദ്ര മോദി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം സ്ഥാപിക്കുന്നത്.

“മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ ഗ്രാന്റ് നാഷണല്‍ പോളറൈസര്‍ എന്ന രീതിയില്‍ യോഗി ആദിത്യനാഥ് ആവേശമുണര്‍ത്തുകയാണ്. വിശ്വാസികളുടെ ഭാവന ഉണര്‍ത്തിവിടുന്ന അദ്ദേഹം വിലകുറഞ്ഞ ആവേശങ്ങള്‍ കൊണ്ട് അവരെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ അവരൊന്നും ഒരു തരത്തിലും ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ പോകുന്നില്ല. വോട്ടുകള്‍ നേടിയെടുക്കുന്നതിലെ അദ്ദേഹത്തിന്റെ കഴിവുകേട് ഇപ്പോള്‍ വളരെ വ്യക്തമാണ്.” എന്നു പറഞ്ഞുകൊണ്ടാണ് നോട്ടുനിരോധനത്തേക്കാള്‍ വലിയ മണ്ടത്തരമാണ് യോഗി ആദിത്യനാഥെന്ന് ശേഖര്‍ ഗുപ്ത പറയുന്നത്.

“നോട്ടുനിരോധനം ഇപ്പോഴും വലിയ അബദ്ധമായി തുടരുകയാണ്. നോട്ടുനിരോധനത്തിനു പിന്നാലെ നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അത് വലിയ ലാഭം ഉണ്ടാക്കി നല്‍കിയെങ്കിലും. യു.പി ജനത യോഗിയ്ക്കുവേണ്ടിയായിരുന്നില്ല വോട്ടു ചെയ്തത്. എന്നാല്‍ ആ അവിശ്വസനീയ വിജയം യോഗി ആദിത്യനാഥിന് സമ്മാനിക്കുക വഴി മോദി മറ്റൊരു അബദ്ധം കാണിച്ചു. നോട്ടുനിരോധനം മോദി സര്‍ക്കാറിന്റെ സാമ്പത്തിക ഗതി തകര്‍ത്തു. യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും തകര്‍ത്തേക്കാം.” അതുകൊണ്ടാണ് മോദിയുടെ മണ്ടത്തരങ്ങളുടെ കാര്യത്തില്‍ നോട്ടുനിരോധനം രണ്ടാം സ്ഥാനത്താകുന്നതെന്നാണ് ശേഖര്‍ ഗുപ്ത വിശദീകരിക്കുന്നത്.

എന്തിനാണോ യോഗി ആദിത്യനാഥിനെ പിടിച്ചുനിര്‍ത്തിയത് അതിനപ്പുറം വ്യത്യസ്തമായി യോഗി ഒന്നും ചെയ്യുന്നില്ലെന്നാണ് ശേഖര്‍ ഗുപ്ത പറയുന്നത്. ഉത്തര്‍പ്രദേശിനെ സാമുദായികമായി ധ്രുവീകരിക്കുകയാണ് യോഗിയിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ യോഗി ഉത്തര്‍പ്രദേശിനെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍, പ്രത്യേകിച്ച് ഹിന്ദു ഹൃദയഭൂമിയെ ധ്രുവീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

Also Read:രാഹുല്‍ ഉന്നയിച്ച ആ ചോദ്യം ചോദിച്ച് അമിത് ഷായെ ഉത്തരംമുട്ടിച്ചു; മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം

മോദിയുടെയും അമിത് ഷായുടേയും രണ്ട് പ്രതീക്ഷകളാണ് യോഗിയുടെ കാര്യത്തില്‍ തെറ്റിയതെന്നും ശേഖര്‍ ഗുപ്ത അഭിപ്രായപ്പെടുന്നു. അതിലൊന്ന് ഇരുവരുടേയും നിയന്ത്രണത്തിനു കീഴിലായിരിക്കും യോഗി എന്നതാണ്. മറ്റൊന്ന് രാജ്യത്തെ ധ്രുവീകരിച്ചു മുന്നോട്ടുപോകുന്നതിനിടയില്‍ യോഗി സ്വന്തം സംസ്ഥാനത്തെ കാര്യങ്ങള്‍ മര്യാദയ്ക്ക് നോക്കുമെന്നതാണെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ രണ്ടു പ്രതീക്ഷികളും യോഗിയുടെ കാര്യത്തില്‍ പരാജയമാണെന്നും ശേഖര്‍ ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശിലെ സീറ്റുകള്‍ നിലനിര്‍ത്താനോ മറ്റിടങ്ങളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനോ യോഗിക്കു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.