ലഖ്നൗ: ഉത്തര്‍പ്രദേശിലെ അക്ബര്‍പൂരിന്റെ പേര് മാറ്റാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടിമത്തത്തിന്റെ അടയാളങ്ങള്‍ അവസാനിപ്പിക്കണമെന്നും നമ്മള്‍ മാനിക്കേണ്ടത് ഭാരതത്തിന്റെ പൈതൃകത്തെയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അക്ബര്‍പൂരില്‍ നടന്ന പ്രചരണ റാലിക്കിടെ, മുഖ്യമന്ത്രി മണ്ഡലത്തിന്റെ പേര് മാറ്റുമെന്ന് സൂചന നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസ്താവനകള്‍ പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നത് രാമഭക്തരും രാംദ്രോഹികളും തമ്മിലുള്ള പോരാട്ടമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഒരു ആത്മനിര്‍ഭര്‍ ഭാരതമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് രാംദ്രോഹികള്‍ ജാതിയുടെയും പ്രാദേശിക സ്വത്വങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി, വര്‍ഗ, പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാനുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും യു.പി മുഖ്യമന്ത്രി ആരോപിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിങ്ങളെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
കോണ്‍ഗ്രസിന്റെ ഗൂഢാലോചനകള്‍ തടയുന്നതിനായി വോട്ടിങ്ങിലൂടെ വോട്ടര്‍മാര്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി പ്രധാന മന്ത്രിയാകില്ലെന്നും ഇന്ത്യാ സഖ്യത്തിന്റെ ഏറ്റവും വലിയ വിജയം ഉത്തര്‍പ്രദേശിലായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കനൗജില്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.
രഹസ്യ ഇടപാടുകളിലൂടെയാണ് അദ്ദേഹം പണം സ്വീകരിക്കുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് വിഷയമല്ല. നരേന്ദ്ര മോദിക്ക് ഇനി അധികാരം കിട്ടരുതെന്നും, കിട്ടിയാല്‍ അവര്‍ ഭരണഘടന തന്നെ ഇല്ലാതാക്കുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
Content Highlight: Yogi Adityanath is about to change the name of Akbarpur in UP