| Thursday, 26th September 2019, 10:23 am

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഗുണവശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കശ്മീരി വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് യോഗി ആദിത്യനാഥ്; തിരിച്ചടിച്ച് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവത്തില്‍ കശ്മീരി വിദ്യാര്‍ത്ഥികളെ ചര്‍ച്ചക്ക് ക്ഷണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലിഗണ്ഡ് മുസ്ലിം യൂണിവേഴിസിറ്റിയില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികളെയാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ ഗുണവശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗി ആദിത്യനാഥ് ക്ഷണിച്ചത്. ഏകദേശം 1200 ഓളം കശ്മീരി വിദ്യാര്‍ത്ഥികള്‍ അലിഗണ്ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുന്നുണ്ട്. സെപ്തംബര്‍ 28 നാണ് യോഗിയും വിദ്യാര്‍ത്ഥികളും തമ്മിലുള്ള കൂടികാഴ്ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

‘കശ്മീരി വിദ്യാര്‍ത്ഥികളുമായി സംവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ടിരുന്നു.ഞങ്ങളത് വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.’ എ.എം.യു രജിസ്റ്റാര്‍ അബ്ദുള്‍ ഹമീദ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീരി വിദ്യാര്‍ത്ഥികള്‍ തയ്യാറാവുകയാണെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും അതിന്റെ ഗുണവശങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കൂടികാഴ്ച്ചക്ക് തയ്യാറല്ലായെന്ന് വ്യക്തമാണ്. കാരണം രജിസ്റ്റാര്‍ അറിയിച്ചത് പ്രകാരം ഒരു വിദ്യാര്‍ത്ഥി പോലും അതുവരെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ കശ്മീരില്‍ നിന്ന് വിമാനം കയറ്റി യു.പി ജയിലുകളില്‍ അടയ്ക്കപ്പെട്ട പ്രൊഫസര്‍മാര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, കശ്മീരിലെ സാധാരണക്കാര്‍ എന്നിവരുമായി ആദിത്യനാഥ് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ ഒരു പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.

ഈ ക്ഷണം ഒരു രാഷ്ട്രീയ നീക്കമായാണ് കണക്കാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘കശ്മീരിലെ ജനങ്ങളുമായി ആരോഗ്യകരമായ ബന്ധത്തിന്റെ മുഖച്ഛായ സൃഷ്ടിക്കാന്‍, ഞങ്ങള്‍ പണയക്കാരാകാന്‍ ആഗ്രഹിക്കുന്നില്ല ” എന്നും വിദ്യര്‍ത്ഥികള്‍ പ്രതികരിച്ചു. ജമ്മുവിന്റെയും കശ്മീരിന്റെയും പ്രത്യേക പദവി റദ്ദാക്കിയ ശേഷം സര്‍ക്കാര്‍ എന്തിനാണ് കശ്മീരികളുമായി ഇത് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് എ.എം.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് മുഹമ്മദ് സല്‍മാന്‍ ഇംതിയാസ് ചോദിക്കുന്നു.

മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതതില്‍ കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more