ലക്നൗ: ജമ്മു കശ്മീരിലെ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥ്. ഐ.എന്‍.സി-എന്‍.സി സഖ്യം ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ശനിയാഴ്ച ഔദ്യോഗിക വസതിയില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് യോഗിയുടെ വിമര്‍ശനം.
ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും പ്രശ്‌നങ്ങള്‍ ചിനാബ് നദിയില്‍ ശാശ്വതമായി ഒലിച്ചുപോയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വിദ്വേഷം പടര്‍ത്തി വിരാജിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ജമ്മു കാശ്മീരില്‍ കാലങ്ങളായി നിലനിന്നിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 എന്ന കളങ്കം ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പിന്നാലെ കേന്ദ്രഭരണ പ്രദേശത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ബി.ജെ.പി നിലവില്‍ പ്രാധാന്യം നല്‍കുകയാണെന്നും യോഗി പ്രതികരിച്ചു.
നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, അബ്ദുള്ള ആന്റ് സണ്‍സ് ഫാമിലി പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. ഈ നീക്കം കോണ്‍ഗ്രസിന്റെ ദേശവിരുദ്ധ ഉദ്ദേശ്യങ്ങള്‍ ഒരിക്കല്‍ കൂടി തുറന്നുകാട്ടിയെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരില്‍ തീവ്രവാദത്തിന്റെയും അശാന്തിയുടെയും യുഗം പുനഃസ്ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് പിന്തുണക്കുകയാണോയെന്നും യോഗി ആദിത്യനാഥ് ചോദിച്ചു. ഈ സഖ്യത്തിലൂടെ സംവരണ വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും യോഗി പറഞ്ഞു. ദളിത്, ഗുജ്ജര്‍, ബക്കര്‍വാള്‍, പഹാരി എന്നീ വിഭാഗങ്ങള്‍ക്ക് സംവരണാവകാശം നിഷേധിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിലപാടിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ എന്നും യോഗി ചോദ്യമുയര്‍ത്തി.
വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യം രൂപീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാക്കളായ ഫാറൂഖ് അബ്ദുള്ള മകന്‍ ഒമര്‍ അബ്ദുള്ള എന്നിവരുമായി ശ്രീനഗറില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിലെ മൂന്ന് ഘടക കക്ഷികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒന്നിക്കാനുള്ള സാധ്യതയുണ്ടെന്നും സഖ്യകക്ഷികള്‍ സൂചന നല്‍കുകയുണ്ടായി.
10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിലായി നടക്കുന്ന തെരഞ്ഞെടുപ്പ് സെപ്തംബര്‍ 18ന് ആരംഭിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.
ഇതിനുമുമ്പ് 2008ലാണ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ജമ്മു കശ്മീരില്‍ അധികാരത്തില്‍ വരുന്നത്. ഇക്കാലയളവില്‍ ഒമര്‍ അബ്ദുള്ളയാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ പി.ഡി.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. അന്ന് ബി.ജെ.പിയുടെ പിന്തുണയോടെ പി.ഡി.പി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 2018ല്‍ ബി.ജെ.പി പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭരണം ഗവര്‍ണര്‍ ഏറ്റെടുത്തു. അന്ന് കോണ്‍ഗ്രസിന് 12 സീറ്റും നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റുമാണ് ലഭിച്ചത്.
Content Highlight: Yogi Adityanath has criticized the Congress-National Conference alliance in Jammu and Kashmir