ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങളുടെ വില്‍പന നിരോധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ചില ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവയെല്ലാം കര്‍ശനമായി യോഗി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ദുരുപയോഗം ചെയ്യന്നുവെന്ന് ആരോപിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.
ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുള്ള കയറ്റുമതി ഉത്പന്നങ്ങളെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്പന്നങ്ങള്‍ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വില്‍പന വര്‍ധിപ്പിക്കാനായി വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് ഈ സര്‍ക്കാര്‍ നീക്കം.
വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ അനധികൃതമായി സമ്പാദിക്കുന്ന പണം തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതായി സര്‍ക്കാര്‍ ആരോപിച്ചു.
ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ദല്‍ഹി, ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുംബൈ, ജമിയത്ത് ഉലമ മഹാരാഷ്ട്ര എന്നിങ്ങനെയുള്ള കമ്പനികള്‍ ചില മതവികാരങ്ങളെ മുന്‍നിര്‍ത്തി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കിയെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. സ്ഥാപനങ്ങള്‍ സാമൂഹിക വിരോധം വളര്‍ത്തിയെടുക്കുകയും പൊതുവിശ്വാസം ലംഘിക്കുകയും ചെയ്യുന്നതായി എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റിങ് പ്രത്യേകം ഒരു മതത്തിന് വേണ്ടിയാണെന്നും സാമ്പത്തിക ലാഭത്തിന് വേണ്ടി അനധികൃത പ്രവര്‍ത്തനം നടത്തുന്ന ഈ സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ അധികാരമുണ്ടാകില്ലായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഐഷ്ബാഗിലെ മോത്തിജീല്‍ കോളനിയിലെ താമസക്കാരനായ ശൈലേന്ദ്ര കുമാര്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചില വ്യക്തികള്‍ ആനുപാതികമല്ലാത്ത ലാഭം സമ്പാദിക്കുന്നതിലും തീവ്രവാദ സംഘടനകളെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്നതിനായി ഫണ്ട് വിനിയോഗിക്കുന്നതിലും ആശങ്കയുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞു.
Content Highlight: Yogi Adityanath has banned the sale of Halal products