ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയുടെ പേരുമാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് ആലോചിക്കുന്നത്.
പേരുമാറ്റവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ ഉപദേശം തേടിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പേരിന്റെ ചരിത്രപരമായ വശങ്ങള്‍ പരിശോധിക്കാനാണ് ആഗ്രയിലെ അംബേദ്കര്‍ സര്‍വകലാശാല അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലയുടെ ചരിത്ര വിഭാഗം ഇപ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിശോധിക്കുകയാണ്.
ആഗ്രയുടെ പേര് അഗ്രവന്‍ എന്ന് മാറ്റാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ഈ സ്ഥലം അഗ്രവന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടത് എന്നും പിന്നീട് ആഗ്ര എന്ന പേര് മാറ്റത്തിലേക്ക് എത്തപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നുമാണ് ചരിത്രകാരന്‍മാരോടും വിദഗ്ധരോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റുകയും ചരിത്രപ്രാധാന്യമുള്ള മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് നേതാവായ ദീനദയാല്‍ ഉപാധ്യായയുടെ പേര് നല്‍കുകയും ചെയ്തിരുന്നു.