ന്യൂദല്‍ഹി: 2013ലെ മുസാഫിര്‍ നഗര്‍ ഷാംലി കലാപങ്ങളുമായി ബന്ധപ്പെട്ട കൊലക്കേസുകള്‍ ഉള്‍പ്പെടെ 131 കേസുകള്‍ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു.
ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 13 കൊലക്കേസുകളും 11 വധശ്രമക്കേസുകളും ഉള്‍പ്പെടെയാണ് പിന്‍വലിക്കുന്നത്.
മതസ്പര്‍ദ്ധ പടര്‍ത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷന്‍ 153 എ പ്രകാരമുള്ളതാണ് പിന്‍വലിക്കുന്നതില്‍ 16 കേസുകള്‍.
2013 സെപ്റ്റംബറില്‍ നടന്ന കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആക്രമസംഭവത്തിനു പിന്നാലെ 1455 പേര്‍ക്കെതിരെ 503 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Also Read: ‘വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചു’; കുറ്റസമ്മതവുമായി ഫേസ്ബുക്ക്
മുസാഫിര്‍ നഗറിലെയും ഷാംലിയിലെയും ബി.ജെ.പി എം.പി സഞ്ജീവ് ബല്ല്യാണും ബുധന എം.എല്‍.എ ഉമേഷ് മാലിക്കും ഖാപ്പ് നേതാക്കന്മാരും ഫെബ്രുവരി അഞ്ചിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണ് കേസുകള്‍ പിന്‍വലിക്കുന്നത്. 179 കേസുകളുടെ ലിസ്റ്റാണ് ഇവര്‍ നല്‍കിയത്.
“ഈ കേസുകളിലെല്ലാം പ്രതിസ്ഥാനത്തുള്ളത് ഹിന്ദുക്കളാണ്” എന്ന് ബല്ല്യാണ്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
“മുഖ്യമന്ത്രിയുമായി കഴിഞ്ഞമാസം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ 850ലേറെ ഹിന്ദുക്കള്‍ പ്രതിസ്ഥാനത്തുള്ള 179 കേസുകള്‍ പിന്‍വലിക്കുന്നത് പരിഗണിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. മുസാഫിസര്‍ നഗര്‍ ഷാംലി ജില്ലകളിലാണ് ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തത്. കുറച്ചുകാലമായി ഞങ്ങള്‍ ലിസ്റ്റു തയ്യാറാക്കുകയായിരുന്നു.” ബല്ല്യാണ്‍ പറയുന്നു.
Also Read: മഴക്കാല രോഗങ്ങള്‍ക്ക് സര്‍ക്കാറിന്റെ ‘ജാഗ്രത’; കോളറ വരുന്ന വഴി നിയന്ത്രിക്കണമെന്ന് ഇതര സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ കത്ത്
“കത്തു ലഭിച്ചശേഷം വിഷയത്തില്‍ നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടുമെന്നാണ് മുഖ്യമന്ത്രി ഞങ്ങളോടു പറഞ്ഞത്. ലിസ്റ്റിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണെന്ന് എനിക്കറിയില്ല” എന്നാണ് ബി.ജെ.പി നേതാവായ മാലിക് പറയുന്നത്.
കേസുകള്‍ പിന്‍വലിക്കണമെന്ന ഇവരുടെ ആവശ്യത്തിനു പിന്നാലെ ഫെബ്രുവരി 23ന് യു.പി നിയമമന്ത്രാലയം മുസാഫിര്‍, ഷാംലി ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് 131 കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നു. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയുള്‍പ്പെടെ 13 പോയിന്റുകളില്‍ വിശദീകരണം നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. ജില്ലാ മജിസ്‌ട്രേറ്റ് ഈ കത്ത് എസ്.പിയ്ക്കും മറ്റു പ്രോസിക്യൂട്ടിങ് ഓഫീസര്‍മാര്‍ക്കും അയച്ചതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം