| Tuesday, 28th May 2019, 3:59 pm

കമല്‍നാഥിന്റെ മകന്‍ തലവനായ കോളജിന് ഗാസിയാബാദില്‍ ഭൂമി അനുവദിച്ച നടപടി റദ്ദാക്കി യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസിയാബാദ്: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിക്കുവേണ്ടി ഭൂമി അനുവദിച്ച നടപടി യു.പി സര്‍ക്കാര്‍ റദ്ദാക്കി. കമല്‍നാഥിന്റെ മകന്‍ ബാകുല്‍ നാഥാണ് ഈ സ്ഥാപനത്തിന്റെ തലവന്‍.

10841 സ്‌ക്വയര്‍മീറ്റര്‍ ഭൂമി അനുവദിച്ചതാണ് റദ്ദാക്കിയത്. ‘ 10841 സ്‌ക്വയര്‍മീറ്റര്‍ ഭൂമി അനുവദിച്ച നടപടി എന്റെ പരാതിയെ തുടര്‍ന്ന് ഗാസിയാബാദ് ഡെവലപ്പ്‌മെന്റ് അതോറിറ്റി റദ്ദാക്കി. ഈ ക്യാമ്പസില്‍ നടത്തിയ നിര്‍മ്മാണങ്ങള്‍ തകര്‍ക്കും’ ബി.ജെ.പി കോര്‍പ്പറേറ്റര്‍ രാജേന്ദ്ര ത്യാഗി പറഞ്ഞു.

ഗാസിയാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത് തട്ടിപ്പിലൂടെയാണ് ഇവര്‍ 15 ഏക്കര്‍ സ്വന്തമാക്കിയതെന്നായിരുന്നു ത്യാഗിയുടെ ആരോപണം. യു.പി സര്‍ക്കാറിനു കീഴിലുള്ള ചൗധരി ചരണ്‍ സിങ് യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥതയിലാണ് ഈ ഭൂമിയെന്നും തട്ടിപ്പിലൂടെയാണ് ഇത് ഐ.എം.ടി സ്വന്തമാക്കിയതെന്നുമാണ് ത്യാഗിയുടെ ആരോപണം.

ത്യാഗിയുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യു.പി ഗവര്‍ണര്‍ രാം നായിക് യോഗി ആദിത്യനാഥിന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുകയായിരുന്നു.

കമല്‍നാഥിന്റെ പിതാവ് മഹേന്ദ്ര നാഥ് 1970ല്‍ സ്ഥാപിച്ചതാണ് ഐ.എം.ടിയെന്നാണ് സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. രാജ്യത്തെ സ്വകാര്യ ബി സ്‌കൂളുകളില്‍ ഉയര്‍ന്ന റാങ്കിങ്ങുള്ള സ്ഥാപനങ്ങളിലൊന്നാണിത്.

We use cookies to give you the best possible experience. Learn more