| Saturday, 14th April 2018, 2:56 pm

യോഗിക്ക് ദളിത് മിത്ര പുരസ്‌കാരം നല്‍കി: പ്രതിഷേധിച്ച അംബേദ്കര്‍ മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്‌കാരം നല്‍കിയതിനെതിരെ പ്രതിഷേധം. അംബേദ്കര്‍ മഹാസഭയാണ് യോഗിക്ക് പുരസ്‌കാരം നല്‍കിയത്.

ഇതിനെതിരെ മഹാസഭ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച ദളിത് ആക്ടിവിസ്റ്റുകളെ യു.പി പൊലീസ് അറസ്റ്റു ചെയ്തു. ദളിത് ആക്ടിവിസ്റ്റ് എസ്.ആര്‍ ദരപുരി, ഐ.എ.എസ് ഓഫീസറായിരുന്ന ഹാരിഷ് ചന്ദ്ര, ഗജോധര്‍ പ്രസാദ്, എന്‍.എസ് ചൗരസ്യ എന്നിവരാണ് അറസ്റ്റിലായത്.

“പ്രതിമകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചവരേക്കാള്‍ ദളിതര്‍ക്കുവേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചയാളാണ് യോഗി” എന്നു പറഞ്ഞാണ് അംബേദ്കര്‍ മഹാസഭ പ്രസിഡന്റ് ലാല്‍ജി പ്രസാദ് നിര്‍മ്മല്‍ യോഗിക്ക് പുരസ്‌കാരം നല്‍കിയത്.


Also Read: ഗോപിനാഥ പിള്ള: ‘മകന്‍ തീവ്രവാദിയായിരുന്നില്ല; മുസ്‌ലിമായിരുന്നു’ എന്ന് തെളിയിക്കാന്‍ പോരാടിമരിച്ച ഹിന്ദുവായ ഒരച്ഛന്റെ കഥ


എന്നാല്‍ യോഗിക്ക് പുരസ്‌കാരം നല്‍കുന്നത് സഭയ്ക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെക്കുകയായിരുന്നു. നിര്‍മ്മല്‍ യോഗിക്ക് പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ മഹാസഭയിലെ മുതിര്‍ന്ന അംഗങ്ങളായ ഹാരിഷ് ചന്ദ്ര, എസ്.ആര്‍ ദരപുരി എന്നിവര്‍ നിര്‍മ്മലിനെതിരെ അച്ചടക്ക നടപടിയെടുക്കാനായി വാര്‍ഷിക ജനറല്‍ മീറ്റിങ് വിളിച്ചുചേര്‍ത്തു.

“തീരുമാനമെടുക്കുന്നതിനു മുമ്പ് ആരോടും ആലോചിച്ചിരുന്നില്ല. പ്രസിഡന്റ് ഒഴികെ മഹാസഭയിലെ എല്ലാ അംഗങ്ങളും തീരുമാനത്തിന് എതിരാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.പിയില്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യോഗി ആദിത്യനാഥിനെ ആദരിക്കേണ്ട ഒരു കാര്യവുമില്ല.” എന്ന ദരപുരി പറയുന്നത്.


Also Read: കേരളവും വെര്‍ച്വല്‍ റേപ്പിന്റെ പിടിയിലെന്ന് പൊലീസ്; ഇരകളില്‍ മാധ്യമപ്രവര്‍ത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥകളും


അംബേദ്കര്‍ മഹാസഭ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് വാടക ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് നിര്‍മ്മല്‍ ഇതു ചെയ്തതെന്നും ദരപുരി ആരോപിക്കുന്നു.

35 കോടി ദളിതരെ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മോദി സര്‍ക്കാര്‍ സഹായിച്ചുവെന്നാണ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് യോഗി പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more