ലഖ്‌നൗ: മൃഗീയ ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശ് ഭരണം പിടിച്ച ബി.ജെ.പിയ്ക്കുള്ളില്‍ വകുപ്പ് വിഭജനം സംബന്ധിച്ച് രൂക്ഷമായ തര്‍ക്കം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലാണ് ആഭ്യന്തരവകുപ്പിന് വേണ്ടി അടി തുടങ്ങിയത്.
നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുണ്ടായിരുന്ന നേതാവാണ് മൗര്യ. എന്നാല്‍ മൗര്യയെ വെട്ടിയാണ് ആര്‍.എസ്.എസ് ആദിത്യനാഥിനെ കൊണ്ടുവന്നത്. മൗര്യയുടെ അണികള്‍ തെരുവില്‍ ഇറങ്ങിയതോടെയാണ് ഇദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം എല്ലാം ശരിയായി എന്ന് ആശ്വസിച്ചിരുന്ന ബി.ജെ.പിയ്ക്ക് മേല്‍ ഇടിത്തീ പോലെയാണ് ആഭ്യന്തരത്തിന് വേണ്ടിയുള്ള തര്‍ക്കം രൂക്ഷമായത്. പ്രശ്‌നപരിഹാരത്തിനായി യോഗി ആദിത്യനാഥ് ദല്‍ഹിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും കാണാനാണ് അദ്ദേഹം ദല്‍ഹിയിലെത്തിയത്.
ആഭ്യന്തര വകുപ്പിന് വേണ്ടി ഒരു വശത്ത് തര്‍ക്കം നടക്കുമ്പോള്‍ മറുവശത്ത് ധനവകുപ്പ് ലഭിക്കണമെന്ന ആവശ്യവുമായി മറ്റൊരു ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയും രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തരം കൂടാതെ ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും കൂടെ കൈപ്പിടിയിലൊതുക്കാനാണ് യോഗി ആദിത്യനാഥിന്റെ ശ്രമം.
ഉത്തര്‍പ്രദേശില്‍ 47 മന്ത്രിമാരാണ് ബി.ജെ.പിയ്ക്ക് ഉള്ളത്. ഇവര്‍ക്കായുള്ള വകുപ്പ് വിഭജനം ബി.ജെ.പി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. വകുപ്പുകളുടെ കാര്യത്തില്‍ നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും തീരുമാനമാകും അന്തിമം.