ജയ്പൂര്‍: കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങള്‍ താലിബാന്റെ ആശയങ്ങള്‍ക്ക് തുല്യമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മൂലകാരണം കോണ്‍ഗ്രസാണെന്നും അവരുടെ താലിബാന്‍ ചിന്താഗതി രാജസ്ഥാന്റെ ദീര്‍ഘകാല പാരമ്പര്യത്തെ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
തിജാര അസംബ്ലിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി ബാലക്‌നാഥിന്റെ പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം താലിബാന്‍ ആശയങ്ങള്‍ക്കുള്ള പരിഹാരം ബജ്‌റ ഗബലിയുടെ ഗദയില്‍ ഉണ്ടെന്ന് ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളെ ഉദ്ധരിച്ച് യോഗി പറഞ്ഞു.
കോണ്‍ഗ്രസായിരുന്നു കേന്ദ്രത്തിലെങ്കില്‍ രാമക്ഷേത്ര പ്രശ്‌നം ഒരിക്കലും പരിഹരിക്കപ്പെടില്ലായിരുന്നെന്ന് യോഗി പറഞ്ഞു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ശംഭീരമായ രാമക്ഷേത്രം നിര്‍മ്മിക്കപ്പടുകയാണെന്നും ഇത് മേഖലയുടെ വികസനത്തെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു വശത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചപ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ് കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 യുടെ പ്രശ്‌നം സൃഷ്ടിച്ചു. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇത് പരിഹരിച്ചു. പ്രശ്‌നം തീര്‍ത്തും ഇല്ലാതാക്കുകയും തീവ്രവാദം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്തതാണ് കേവലം ഒമ്പതര വര്‍ഷം കൊണ്ട് പ്രധാനമന്ത്രി മോദി ചെയ്തത്,’ യോഗി റാലിയില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ വലിയ വികസനങ്ങള്‍ കൊണ്ടു വന്നതായും കേന്ദ്രസര്‍ക്കാര്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചതായും യോഗി പ്രസംഗത്തില്‍ പറഞ്ഞു. രാജസ്ഥാനില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ രാമരാജ്യമെന്ന ആശയം പൂര്‍ണമാകുമെന്നും അദ്ദേഹം ആവകാശപ്പെട്ടു.
‘രാജസ്ഥാന്റെ സമ്പന്നമായ പാരമ്പര്യത്തില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കുന്നുണ്ട്. അല്‍വാറുമായി ഞങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ട്. സംസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെ കോണ്‍ഗ്രസ് കളങ്കപ്പെടുത്തുകയാണ്,’ ആദിത്യനാഥ് പറഞ്ഞു.
മുഖ്യമന്ത്രി ആശോക് ഗെഹ്ലോട്ട് പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ ഹിന്ദു വിരുദ്ധമാണെന്നും യോഗി ആരോപിച്ചു. ഗുണ്ടകള്‍ക്കും കുറ്റവാളികള്‍ക്കും അഭയം കൊടുക്കുന്ന അവര്‍ സന്യാസികളെ അപമാനിക്കുന്നതായും യോഗി പറഞ്ഞു.
പശുക്കളെയും പെണ്‍മക്കളുടെയും അമ്മമാരുടെയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന സര്‍ക്കാറിനായുള്ള ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം റാലിയില്‍ ആവശ്യപ്പെട്ടു.
content highlight : Yogi Adityanath compares Congress ideology to that of Taliban