| Wednesday, 28th November 2018, 3:40 pm

ഹനുമാന്‍ ദളിത് ആദിവാസി; ഓരോ ദളിതനും ബി.ജെ.പിക്ക് വോട്ട് ചെയ്യണം; ഹനുമാന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് കാമ്പയിനില്‍ ദളിത് വോട്ടുകള്‍ ലക്ഷ്യം വെച്ച് ബി.ജെ.പിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പു പ്രചരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഹനുമാന്റെ ജാതി നിര്‍ണയിച്ചുകൊണ്ടായിരുന്നു യോഗി ആദിത്യനാഥിന്റെ വോട്ടുപിടുത്തം. ഹനുമാന്‍ ഒരു ദളിത് ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. അല്‍വാറില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ഓരോ ദളിതരും വോട്ട് ചെയ്യണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

“”ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. കാട്ടില്‍ കഴിയുന്നവന്‍. വടക്കും കിഴക്കും തെക്കും പടിഞ്ഞാറുമുള്ള എല്ലാ ഇന്ത്യന്‍ സമൂഹങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ബജ്‌രംഗ് ബലി. ഇത് രാമന്റെ ആഗ്രഹമാണ്. അദ്ദേഹത്തിന്റെ ആ ആഗ്രഹം നിറവേറ്റുന്നതുവരെ നമ്മള്‍ വിശ്രമിക്കേണ്ടതില്ല”- യോഗി ആദിത്യനാഥ് പറഞ്ഞു. മാല്‍പുര മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇ.വി.എം അട്ടിമറിച്ചു, റിപോളിങ് നടത്തണം’: ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്


രാമന്റെ ഭക്തര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും. രാവണ ഭക്തന്‍മാര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുക.- എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ശ്രീരാമന്റെ പേര് ഉയര്‍ത്തിക്കാട്ടി തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ബി.ജെ.പി നേതാക്കളുടെ പ്രസംഗം. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനവും ഇത്തവണയും ബി.ജെ.പി നല്‍കിയിട്ടുണ്ട്.

ഹനുമാന്റെ പേരില്‍ യോഗി ആദിത്യനാഥ് വോട്ട് ചോദിക്കുന്നത് ഇത് ആദ്യമായല്ല. ഈ മാസം ആദ്യവും ഹനുമാന്‍ ഒരു ദളിത് ട്രൈബല്‍ ആണെന്ന പരാമര്‍ശവുമായി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ചണ്ഡീഗഡില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.

ഹനുമാന്‍ വനവാസിയാണ്. അവതാര പുരുഷനായ രാമനും വനവാസം അനുഭവിച്ചിട്ടുണ്ട്. രാക്ഷസരുടേയും ഭൂതങ്ങളുടേയും പിടിയില്‍ നിന്ന് അവരെ രക്ഷിച്ചത് രാമനായിരുന്നു. ത്രേതാ യുഗത്തിലായിരുന്നു രാമന്‍ ഇതെല്ലാം ചെയ്തത് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more