'ഔറംഗസേബ് ഭൂമി അനുവദിച്ച രേഖകൾ ജംഗംബാഡി മഠത്തിൽ നിന്ന് എടുത്തുമാറ്റാൻ പറഞ്ഞത് യോഗി ആദിത്യനാഥ് '
national news
'ഔറംഗസേബ് ഭൂമി അനുവദിച്ച രേഖകൾ ജംഗംബാഡി മഠത്തിൽ നിന്ന് എടുത്തുമാറ്റാൻ പറഞ്ഞത് യോഗി ആദിത്യനാഥ് '
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 5:53 pm

വാരണാസി: വാരണാസിയിലെ ജംഗംബാഡി മഠത്തിൽ ഔറംഗസേബിന്റെ അവകാശപത്രം (മഠത്തിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം നൽകിക്കൊണ്ടുള്ള ഔദ്യോഗിക രേഖ) കണ്ടപ്പോൾ അത് എടുത്തുമാറ്റാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടുവെന്ന് കാശി വിശ്വനാഥ ക്ഷേത്രം മുൻ മുഖ്യപൂജാരി രാജേന്ദ്ര തിവാരി.

എഴുത്തുകാരൻ ബിനോജ് നായർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ പൂജാരിയുടെ വെളിപ്പെടുത്തൽ.

ഔറംഗസേബ് നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിക്കുകയും പല ക്ഷേത്രങ്ങൾക്കും പണവും ഭൂമിയും നൽകുകയും ചെയ്തിരുന്നുവെന്നും ജഗംബാഡി ക്ഷേത്രത്തിന്റെ ഭൂമി മുഴുവൻ ശിവന്റെ ആരാധനയ്ക്കായി ഔറംഗസേബ് നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഔറംഗസേബ് നൽകിയ അവകാശ പത്രത്തിൽ അവിടെ ശിവന്റെ പൂജ നടത്തണമെന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഔറംഗസേബിന്റെ ജ്യേഷ്ഠനായ ദാരാ ഷിക്കോയോടുള്ള വൈരാഗ്യത്തിന്റെ പുറത്ത് അദ്ദേഹത്തിന്റെ ആശ്രിതരോടും ഔറംഗസേബ് പ്രതികാര നടപടികൾ ചെയ്തിരുന്നുവെന്നും അങ്ങനെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന മഹന്ത് കുടുംബത്തോടും അദ്ദേഹത്തിന് ശത്രുത ഉണ്ടായിരുന്നുവെന്നും തിവാരി ചൂണ്ടിക്കാട്ടി.

ദാര ഷിക്കോയാണ് മഹന്ത് കുടുംബത്തിന്റെ പേരിൽ ക്ഷേത്രത്തിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം നൽകിക്കൊണ്ടുള്ള ഔദ്യോഗിക രേഖ കൈമാറിയത്.

ഔറംഗസേബിന്റെ ക്രൂരതയുടെ ഇര എന്ന നിലയിൽ ദാര ഷിക്കോ സംഘപരിവാറിന് പ്രിയങ്കരനാണെന്നും അദ്ദേഹം നൽകിയ അവകാശപത്രം തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ യോഗി ആദിത്യനാഥ് തന്നെ അഭിനന്ദിക്കുകയും ഇത്രയും വിലപിടിപ്പുള്ള രേഖ കൃത്യമായി സൂക്ഷിക്കണം എന്ന് പറയുകയും ചെയ്തതായി തിവാരി അഭിമുഖത്തിൽ പറഞ്ഞു.

Content Highlight: Yogi Adityanath asked to get rid of documents proving land allocation by Aurangazeb to Jagambadi temple says KAshi temple ex priest