| Saturday, 28th December 2019, 8:19 am

'ഓരോ പ്രതിഷേധക്കാരും ഇനി കരയും, കാരണം ഉത്തര്‍പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്'; നടപടികളെ പ്രകീര്‍ത്തിച്ച് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പൗരത്വഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കടുത്ത നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നടപടികള്‍ എല്ലാ പ്രതിഷേധക്കാരെയും നടുക്കിയെന്നും നിശബ്ദരാക്കിയെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

‘എല്ലാ കലാപകാരികളും നടുങ്ങിയിരിക്കുകയാണ്. എല്ലാ പ്രശ്‌നക്കാരും നടുങ്ങിയിരിക്കുകയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ കണ്ടതോടെ എല്ലാവരും നിശബ്ദരായി. പൊതുമുതല്‍ നശിപ്പിക്കുന്ന എല്ലാവരും പിഴയൊടുക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അക്രമകാരിയായ ഓരോ പ്രതിഷേധക്കാരും ഇനി കരയും, കാരണം ഉത്തര്‍പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്.’ – എന്നാണ് യോഗി ആദിത്യനാഥിന്റെ ട്വീറ്റ്.

#TheGreat_CMYogi എന്ന ഹാഷ് ടാഗ് കൂടി വെച്ചാണ് ട്വീറ്റ് വന്നിരിക്കുന്നത്.

DoolNews Video

ഉത്തര്‍പ്രദേശില്‍ വംശഹത്യക്ക് സമാനമായ കാര്യങ്ങളാണ് മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്നതെന്ന് വരെ ആരോപണം ഉയര്‍ന്നിരിക്കുന്ന സന്ദര്‍ഭത്തിലാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ് വന്നിരിക്കുന്നത്. നഷ്ടം സംഭവിച്ച പൊതുമുതലിന് പ്രതിഷേധക്കാര്‍ തന്നെ പിഴയൊടുക്കണമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ തന്നെ ഉണ്ടായ നഷ്ടത്തിന് പരിഹാരം കാണണമെന്ന് പറയുന്ന മറ്റൊരു ട്വീറ്റില്‍ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തമമാര്‍ഗമായി ഇത് അവതരിപ്പിക്കുന്നുമുണ്ട്.

പൊതുമുതല്‍ നശിപ്പിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുമെന്നും അധികാരികള്‍ പറഞ്ഞിരുന്നു. ചില ജില്ലകളില്‍ ഇതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു.

പ്രതിഷേധത്തില്‍ ഇത് വരെ 21 പേരാണ് കൊല്ലപ്പെട്ടത്. മിക്കവരും വെടിയേറ്റാണ് മരിച്ചതെങ്കിലും ബിജ്‌നോറിലെ ഒരാള്‍ക്ക നേരെ മാത്രമാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് പ്രതിഷേധത്തില്‍ പങ്കെടുത്ത മുസ്‌ലിങ്ങളെ തെരഞ്ഞുപിടിച്ച് വീട് കയറി ആക്രമിക്കുകയാണെന്ന് നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

പൊലീസ് തന്നെ പല പൊതുമുതലുകളും സ്വകാര്യവ്യക്തികളുടെ വസ്തുവകകളും നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിന്റെ ഭാഗമായി 1,113 പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള പലര്‍ക്കും ക്രൂരമര്‍ദ്ദനമാണ് പൊലീസില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്നതെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്തെ പലയിടത്തും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more