ഒരു നാട്ടില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍, പ്രത്യേകിച്ച് ബലാത്സംഗം, കൊലപാതകം തുടങ്ങിയ വലിയ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും എളുപ്പ വഴി എന്താണ് – കുറ്റവാളികളെ പിടികൂടി അപ്പോള്‍ തന്നെ വെടിവച്ച് കൊല്ലുക. ഇതാണ് യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ലോക വീക്ഷണം, അദ്ദേഹം തന്നെ പറഞ്ഞതാണ്, പ്രവര്‍ത്തിക്കുന്നതുമാണ്.
ഉദാഹരണത്തിന്, ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പാലത്തായിയില്‍ ഒരു ബി.ജെ.പി നേതാവ് നാലാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്തു എന്ന പരാതി ഉയരുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു, അറസ്റ്റും രേഖപ്പെടുത്തി. ഇപ്പോള്‍ കേസ് നടക്കുന്നു. ഈ സംഭവം യു.പിയിലാണെന്ന് സങ്കല്‍പ്പിക്കുക, ഇദ്ദേഹത്തെ പോലീസ് ഒരു ജീപ്പില്‍ കയറ്റി കൊണ്ട് പോകും, വഴിയിലെവിടെയെങ്കിലും വെച്ച് അയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞു പോലീസ് അയാളെ വെടിവെച്ച് കൊല്ലും. മൃതദേഹം വീട്ടുകാര്‍ക്ക് കൊടുക്കാതെ പോലീസ് തന്നെ ദഹിപ്പിക്കും. ഇതാണ് എന്‍കൗണ്ടര്‍ എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന എക്‌സ്ട്രാ ജുഡീഷ്യല്‍ കില്ലിംഗ്.
മനസ്സിലാക്കുവാന്‍ ഇത്ര ലളിതമായ തത്വമില്ല. അഥവാ മനസ്സിലാകാന്‍ വിഷമമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ഈ തത്വം വിശദീകരിച്ചു കൊണ്ട് ഫെമിനിസ്റ്റ്-ജെട്ടി ഫെയിം വിജയ് പി നായര്‍ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കണ്ടാല്‍ മതി. അല്ലെങ്കില്‍ യു.പിയില്‍ ഓരോ എന്‍കൗണ്ടര്‍ നടക്കുമ്പോഴും അതിനെ ആഘോഷിച്ചു കൊണ്ട് യൂട്യൂബ് ചാനലുകാര്‍ ഇറക്കിയ അസംഖ്യം വിഡിയോകള്‍ ഉണ്ട്, നിരീക്ഷകര്‍ എഴുതി വിട്ട അസംഖ്യം ന്യായീകരണ ഫേസ്ബുക്ക് പോസ്റ്റുകളുണ്ട്. കുറച്ചൊന്നുമല്ല, ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം 6476 എന്‍കൗണ്ടറുകള്‍ നടന്നിട്ടുണ്ട് യു.പിയില്‍, 124 പേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. അതൊക്കെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്, ന്യായീകരിക്കപ്പെട്ടിട്ടുണ്ട്.
ഇത്ര എളുപ്പത്തില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റുമെങ്കില്‍ ലോകത്ത് മറ്റാരും ഈ രീതി പിന്തുടരാത്തതെന്തെന്ന് ഒരു പക്ഷെ നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാവും.
പണ്ട് എല്ലാ നാടുകളിലും ഇങ്ങനെയൊക്കെയായിരുന്നു, പണ്ട് എന്ന് പറഞ്ഞാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ്. ഒരാളെ വേറൊരാള്‍ കൊല്ലുന്നു, കൊന്നയാളെ മറ്റൊരാള്‍ കൊന്നു നീതി നടപ്പാക്കുന്നു. അത് പിന്നീട് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയായി, അത് ശരിയല്ല എന്ന് തോന്നി ശിക്ഷിക്കാനുള്ള അധികാരം നാട്ടുക്കൂട്ടങ്ങള്‍ക്കും ഖാപ് പഞ്ചായത്തുകള്‍ക്കുമായി. കുറ്റവാളി എന്നുറപ്പിക്കുന്നതു വരെ എന്നതിന് മുമ്പ് കുറ്റാരോപിതന്‍ മാത്രം എന്നായി. കുറ്റാരോപിതര്‍ക്ക് പറയാനുള്ളത് കേള്‍ക്കപ്പെടേണ്ടതുണ്ട് എന്നത് നിയമമായി.
പിന്നെ പോലീസ് സംവിധാനം വന്നു. അവര്‍ തന്നെ ശിക്ഷ നടപ്പാക്കുന്ന രീതിയായിരുന്നു ആദ്യം. അത് ശരിയല്ല, പോലീസും ജഡ്ജിയും വേറെ വേറെ ആയില്ലെങ്കില്‍ പോലീസ് തന്നെ ഒരു ക്രിമിനല്‍ സംവിധാനം ആകുമെന്ന് പ്രയോഗത്തില്‍ നിന്ന് മനസ്സിലായി.
അങ്ങനെയാണ് ലോകം മുഴുവന്‍ പൊലീസും ജുഡീഷ്യറിയും പ്രത്യേകം പ്രത്യേകമായത്. വാദിയെയും പ്രതിയെയും പ്രതിനിധീകരിക്കാന്‍ നിയമമറിയുന്ന ആരെങ്കിലും വേണം എന്ന നില വന്നു, അങ്ങനെ വക്കീലന്മാരുണ്ടായി. ഒരു കോടതിക്ക് തെറ്റാം എന്നതുകൊണ്ട് മേല്‍ക്കോടതികളുണ്ടായി, അപ്പീല്‍ സംവിധാനങ്ങളുണ്ടായി.
ഇതൊക്കെ ആധുനിക സമൂഹത്തിന്റെ വികാസ പരിണാമ ഘട്ടങ്ങളില്‍ പെടും. പ്രാഥമിക വിദ്യാഭ്യാസമുള്ളവര്‍ സാമൂഹ്യപാഠത്തില്‍ പഠിച്ചിരിക്കും.
പക്ഷെ, ആധുനിക സമൂഹത്തിന്റെ രീതികളില്‍ ഒരു താല്പര്യവുമില്ലാത്ത ആളായിരുന്നു ആദിത്യനാഥ്. അഞ്ഞൂറ് കൊല്ലം പഴക്കമുള്ള പള്ളിപൊളിച്ച് അതിലും മുമ്പുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെട്ട ഒരു അമ്പലം പണിയാന്‍ കര്‍സേവകനായി തുടങ്ങിയതാണ് അജയ് ബിഷ്ട് എന്ന ആദിത്യനാഥിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. പഠിപ്പും ജോലിയും ഇല്ലാത്ത ഠാക്കൂര്‍ യുവാക്കളെ സംഘടിപ്പിച്ചു ഹിന്ദു യുവവാഹിനി എന്ന ഒരു ഗുണ്ടാ സംഘമുണ്ടാക്കി അതിന്റെ നേതാവായി.
നമ്മുടെ രാഷ്ട്രീയക്കാരെ പോലെ നാട്ടുകാരുടെ എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കാന്‍ സഹായിക്കുക, ദുരിതാശ്വാസത്തിനു പിരിവു നടത്തുക എന്നതൊന്നുമല്ല ആദിത്യനാഥ് നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം. കലാപങ്ങളും ക്വട്ടേഷന്‍ പണിയുമായിരുന്നു പ്രധാന പരിപാടികള്‍, ഗുണ്ടാ പിരിവായിരുന്നു വരുമാന മാര്‍ഗം.
നീതി നിര്‍വഹണത്തില്‍ മാത്രമായിരുന്നില്ല ആദിത്യനാഥിന്റെ ലോകവീക്ഷണം നൂറ്റാണ്ടുകള്‍ക്ക് പിറകിലായി പോയത്. സ്ത്രീകളെ പറ്റി അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതിന്റെ പേപ്പര്‍ കട്ടിങ് താഴെ കൊടുക്കുന്നു.
ജാതിസമ്പ്രദായത്തെ പറ്റി, തൊട്ടുകൂടായ്മയെ പറ്റി, ശാസ്ത്രത്തെ പറ്റി, ചികിത്സാരീതികളെ പറ്റി, വിദ്യാഭ്യാസത്തെ പറ്റി, തുല്യതയെ പറ്റി, ലൈംഗികതയെ പറ്റി, സ്വവര്‍ഗരതിക്കാരെ പറ്റി, എല്ലാം ആദിത്യനാഥിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവരുടെ വീക്ഷണമാണ്. ആയിരമോ രണ്ടായിരമോ വര്‍ഷം മുമ്പ് ജീവിക്കേണ്ടിയിരുന്ന ഒരാള്‍ കാലം തെറ്റി ഇക്കാലത്തു ജനിച്ചതാണെന്ന് തോന്നും ഇദ്ദേഹം പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍ വായിച്ചാല്‍.
അങ്ങനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനിക്കേണ്ടിയിരുന്ന ആദിത്യനാഥിനെയാണ് യു.പിക്കാര്‍ മുഖ്യമന്ത്രിയാക്കിയത്. യു.പിക്കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല, സോഷ്യല്‍ മീഡിയ വന്ന കാലം മുതലുള്ള നാട്ടുനടപ്പാണ് ആധുനികതയോടുള്ള പുച്ഛം. എല്ലാവര്‍ക്കും പണ്ടത്തെ കാലത്തേക്ക് തിരിച്ചു പോണം, മൊബൈലും കയ്യില്‍ വേണം. ലളിത യുക്തിയാണ് എല്ലാവര്‍ക്കും പഥ്യം.
കുറേകാലം പട്ടാളത്തില്‍ കഴിഞ്ഞവര്‍ പീഡകരാകുമെന്നും, ഫെമിനിസ്റ്റുകള്‍ ജെട്ടി ഇടാറില്ലെന്നുമൊക്കെ പറയുന്ന വിജയ് പി നായരുടെ ചാനലിന് 25,000 സബ്‌സ്‌ക്രൈബര്‍മാര്‍ കേരളത്തിലുണ്ടെങ്കില്‍, മരിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് ബലാത്സംഗം ചെയ്തവരുടെ ബീജം കാണാത്തതു ബലാത്സംഗം നടക്കാത്തതിന്റെ തെളിവാണെന്ന് ആദിത്യനാഥിന് പറയാം. യു.പിക്കാരില്‍ പകുതി പേരെങ്കിലും വിശ്വസിക്കും.
വിജയ് പി നായര്‍
ആദിത്യനാഥ് ഭരണം തുടങ്ങിയത് തന്നെ സ്ത്രീ സംരക്ഷണത്തിനുള്ള ശക്തമായ നടപടിയുമായിട്ടാണ് – ആന്റി-റോമിയോ സ്‌ക്വാഡ്. ആദിത്യനാഥിന്റെ സ്വന്തം ഐഡിയ ആണെന്ന് പറയേണ്ടതില്ലല്ലോ. നേരത്തെ പറഞ്ഞ യുവ വാഹിനിയിലെ യുവാക്കളെ പോലീസിലെടുത്ത്, റോഡിലോ പാര്‍ക്കിലോ ഏതെങ്കിലും സ്ത്രീയെയോ പുരുഷനെയോ ഒന്നിച്ചു കണ്ടാല്‍ തല്ലിയോടിക്കാനുള്ള ലൈസന്‍സ് നല്‍കലായിരുന്നു റോമിയോ സ്‌ക്വാഡ് എന്ന ഏര്‍പ്പാട്. ലോകത്തെങ്ങും റോമിയോ സ്‌നേഹത്തിന്റെ പ്രതീകമാണ്, ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം സ്‌നേഹവുമായി ചേരുന്നതെന്തും ശത്രുവാണ്, അടിച്ചോടിക്കപ്പെടേണ്ടതാണ്.
ആളുകള്‍ പ്രേമിക്കുന്നതും കൈ പിടിച്ചു നടക്കുന്നതും ചുംബിക്കുന്നതുമൊക്കെയാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ കാരണമെന്ന ആദിത്യനാഥിന്റെ ലോകവീക്ഷണമായിരുന്നു ആന്റി-റോമിയോ സ്‌ക്വാഡിന്റെ പിറകില്‍. അദ്ദേഹത്തിനാണെങ്കില്‍ സ്ത്രീകളുമായിട്ട് യാതൊരു സമ്പര്‍ക്കവുമില്ല, ലോകത്തുള്ള മുഴുവന്‍ സ്ത്രീകള്‍ക്കും കൊവിഡ് വന്നാലും ആദിത്യനാഥിന് വരില്ല. അത് പോലെ വേണം എല്ലാ പുരുഷന്മാരും എന്നതായിരിക്കും അദ്ദേഹത്തിന്റെ വീക്ഷണം.
പുതിയ അവതാരത്തില്‍ വന്ന പഴയ യുവവാഹിനി ഗുണ്ടകള്‍ ഏതായാലും സംഗതി മുതലെടുത്തു. അറേഞ്ച്ഡ് മാര്യേജ് എന്ന പരിപാടിയില്ലെങ്കില്‍ ഒരു സ്ത്രീയും ഒരിക്കലും തിരിഞ്ഞു നോക്കാന്‍ സാധ്യതയില്ലാത്ത, പാന്‍പരാഗ് ചവച്ചും മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടും നടന്നവരൊക്കെ റോമിയോ സ്‌ക്വാഡ് എന്ന പേരില്‍ സ്ത്രീകളെ നടുറോട്ടില്‍ ഏത്തമിടീക്കാനും തല മുണ്ഡനം ചെയ്യാനും തുടങ്ങി. ബ്ലാക്മെയ്ലിംഗ് വരുമാനം ബോണസായി വന്നു.
ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍
അവസാനം ഇവരില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ അലഹബാദ് േൈഹക്കോടതിക്ക് ഇടപെടേണ്ടി വന്നു. യോഗി പൊലീസില്‍ നടത്തിയ റിക്രൂട്ട്‌മെന്റുകള്‍ കാരണം പൊലീസില്‍ മുഴുവന്‍ സ്വന്തം ജാതിക്കാരായ ഠാക്കുര്‍മാര്‍ നിറഞ്ഞു എന്നതാണ് ആന്റി-റോമിയോ സ്‌ക്വാഡിന്റെ ബാക്കി പത്രം, മറ്റു ജാതിക്കാര്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ പോകാന്‍ തന്നെ പേടിയായി തുടങ്ങി.
ഏകദേശം ഇതേ സമയത്താണ് എന്‍കൗണ്ടര്‍ വിപ്ലവം തുടങ്ങിയത്. ജനങ്ങളില്‍ നിന്നുള്ള, പ്രത്യേകിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നുള്ള വന്‍ പിന്തുണയോട് കൂടിയാണ് ഈ പരിപാടി തുടങ്ങിയത്. ആരെ വേണമെങ്കിലും എന്‍കൗണ്ടര്‍ എന്ന പേരില്‍ വെടിവെച്ച് കൊല്ലാനുള്ള ലൈസന്‍സ് പ്രായോഗികമായി പൊലീസിനു ലഭിച്ചു. എങ്ങനെ വേണമെങ്കിലും കൊല്ലാം, ആരെ വേണമെങ്കിലും കൊല്ലാം.
എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെട്ടവരുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കാനായി പ്രത്യേകം ഡോക്ടര്‍മാരെ തയ്യാറാക്കി, ഇങ്ങനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശരീരം പോലീസ് തന്നെ കത്തിച്ചു കളയുന്നത് ശീലമായി. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരില്‍ കയ്യറപ്പില്ലാതെ കൊല്ലാന്‍ തയ്യാറുള്ളവരെ എല്ലാ ജില്ലകളിലും തയ്യാറാക്കി നിര്‍ത്തി.
സോഷ്യല്‍ മീഡിയയിലെയും സാധാ മീഡിയയിലെയും കയ്യടിയുടെയും ആര്‍പ്പു വിളികളുടെയും നടുവില്‍ കൊല്ലാന്‍ ആളെ കിട്ടാതെ ജയിലില്‍ കിടക്കുന്നവരെ പോലീസ് തന്നെ ജാമ്യത്തില്‍ ഇറക്കി കൊണ്ട് വന്നു വെടിവച്ചു കൊന്നു എണ്ണം തികക്കുന്ന അവസ്ഥയിലെത്തി. പോകെ പോകെ ജനങ്ങള്‍ക്ക് വേറൊരു കാര്യം ബോധ്യമായി, എന്‍കൗണ്ടറില്‍ എല്ലാ ക്രിമിനലുകളെയും പോലീസ് കൊല്ലുന്നില്ല. ഉന്നാവോ ബലാത്സംഗ കേസില്‍ പ്രതിയായ ബി.ജെ.പി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടില്ല, ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കയറി ഇരയുടെ അച്ഛനെ അടിച്ചു കൊല്ലുകയാണ് ചെയ്തത്.
ഉന്നാവോ ബലാത്സംഗ കേസ് പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാര്‍
2019 ജൂലൈയില്‍ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് ഉന്നത ജാതിക്കാര്‍ സോന്‍ഭദ്ര എന്ന ദളിത് ഗ്രാമത്തിലേക്ക് തോക്കുമായി ചെന്ന് പത്ത് ദളിതരെ പട്ടാപകല്‍ വെടിവെച്ച് കൊന്നു. ലോകം ഞെട്ടിയെങ്കിലും ആദിത്യനാഥ് ഞെട്ടിയില്ല. പ്രതികളെ എന്‍കൗണ്ടറില്‍ കൊല്ലുന്നത് പോയിട്ട് അവരുടെ തോക്ക് പിടിച്ചെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല. ഇപ്പോള്‍ നടന്ന ഹാത്രാസ് ബലാത്സംഗ കേസിലും എന്‍കൗണ്ടര്‍ ഉണ്ടാവില്ല.
വേറൊരു ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെയും ബലാത്സംഗ പരാതി വന്നു, ആയാളും എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടില്ല. ഇത്തരം നിരവധി പരാതികള്‍ക്ക് ശേഷം എന്‍കൗണ്ടറിന്റെ പാറ്റേണ്‍ വ്യക്തമായി വന്നു. എന്‍കൗണ്ടര്‍ മുഴുവന്‍ ദലിതുകള്‍, മുസ്‌ലിങ്ങള്‍, മറ്റു പിന്നോക്കക്കാര്‍ എന്നിവര്‍ക്ക് പൂര്‍ണമായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്.
പ്രതി ഠാക്കൂര്‍ ജാതിക്കാരനാണെങ്കില്‍ ഇരയാണ് കൊല്ലപ്പെടുക, ഇരയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് തിരുത്തപെടുക, ഇരയുടെ മൃദദേഹമാണ് മണ്ണെണ്ണയും പെട്രോളും ഒഴിച്ച് അര്‍ധരാത്രി ദഹിപ്പിക്കപ്പെടുക. അതാണ് ഹാത്രാസില്‍ കണ്ടത്. ഹത്രാസ് ലോകം ശ്രദ്ധിച്ചു എന്നേയുള്ളു, ശ്രദ്ധിക്കപ്പെടാതെ പോയത് ഒരുപാടുണ്ട്.
യു.പി പൊലീസ് ഹാത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ കത്തിക്കുന്നു
ഇതിനിടയില്‍ മറ്റൊരു സാമൂഹിക പ്രശ്‌നം കൂടി തെളിഞ്ഞുവന്നു. പൊലീസിന്റെ പൂര്‍ണമായ ക്രിമിനല്‍ വല്‍ക്കരണം. പോലീസ് എന്ത് ചെയ്താലും മുഖ്യമന്ത്രി സംരക്ഷിച്ചു കൊള്ളും എന്ന നില പോലീസിനെ ഒരു ക്വട്ടേഷന്‍ സംഘമാക്കി. പോലീസ് തന്നെ നാട്ടുകാരെ വിളിച്ചു എന്‍കൗണ്ടര്‍ വേണോ അതോ പണം തരുന്നോ എന്നു ചോദിക്കുന്നത് നാട്ടു നടപ്പായി. ആരെയെങ്കിലും കൊല്ലണമെങ്കില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്താല്‍ മതിയെന്നായി. നാടന്‍ സാഹിത്യത്തില്‍ പറഞ്ഞാല്‍ നിയമ വാഴ്ച എന്നൊന്ന് ഇല്ലാതായി.
ഇപ്പോള്‍ പുതിയൊരു ഏര്‍പ്പാട് തുടങ്ങിയിട്ടുണ്ട്. കുറ്റാരോപിതരുടെ വലിയ ഫ്‌ളക്‌സ് അടിച്ചു നാട്ടിലെങ്ങും പ്രദര്‍ശിപ്പിക്കുക. കുറ്റാരോപിതര്‍ സമൂഹത്തിന്റെ മുമ്പില്‍ നാണം കെടുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയുമത്രെ. ആദിത്യനാഥിന്റെ തലയിലുദിച്ച ലേറ്റസ്റ്റ് ഐഡിയ ആണ്. ഏതു വരെ പോകുമെന്ന് നോക്കാം.
ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവരൊക്കെ വിദ്യാഭ്യാസമുള്ളവരും, ചരിത്രം പഠിച്ചവരും, മനുഷ്യ സമൂഹത്തിന്റെ വികാസ പരിണാമ ഘട്ടങ്ങള്‍ മനഃപാഠമാക്കിയവരും ആവണമെന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ല. വിജയ് പി. നായരും ആദിത്യനാഥുമൊക്കെ തെരഞ്ഞെടുക്കപ്പെട്ടേക്കാം.പക്ഷെ ലോകവും ചരിത്രവും പരിണാമവും മനസ്സിലാക്കിയ ധിഷണാശാലികള്‍ ഭരണ ഘടനകളും പീനല്‍ കോഡുകളും ഉണ്ടാക്കിയിട്ടുണ്ട്. അംബേദ്കറെ പോലെ തലയില്‍ ആള്‍താമസമുള്ളവര്‍ ഉണ്ടാക്കിയ ഭരണഘടനാ ഇവിടെ ഉള്ളപ്പോള്‍ അതനുസരിക്കാതെ ഒറ്റബുദ്ധി മാത്രമുള്ള ആദിത്യനാഥുമാര്‍ തോന്നിയ പോലെ നിയമമുണ്ടാക്കുമ്പോള്‍ കയ്യടിക്കരുത്, ലൈക് അടിക്കരുത്, ന്യായീകരിക്കരുത്.
പ്രാകൃത സമൂഹമാകാനുള്ള നമ്മുടെ യാത്ര തുടങ്ങിയിട്ടേയുള്ളു.
വല്‍ക്കഷ്ണം: മലയാളികളെ ആരൊക്കെയോ പറഞ്ഞു പറ്റിച്ചിട്ടുണ്ട് ഗള്‍ഫിലൊക്കെ ആരെങ്കിലും എന്തെങ്കിലും കുറ്റകൃത്യം ചെയ്താല്‍ പിറ്റേന്ന് രാവിലെ തല വെട്ടുകയാണെന്ന്. ദിവസവും വാട്‌സാപ്പില്‍ കാണുന്നതാണ്. ഗള്‍ഫിലും കുറ്റം തെളിയിക്കപ്പെടുന്നത് വരെ കുറ്റാരോപിതന്‍ തന്നെയാണ്. വക്കീലും കോടതിയും വാദവുമൊക്കെയുണ്ട്. സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും അപ്പീലും ബെഞ്ചും ഒക്കെയുണ്ട്. മിക്കപ്പോഴും വിചാരണ വര്‍ഷങ്ങള്‍ നീളാറുമുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിലെ വധശിക്ഷ കൊടുക്കാറുള്ളൂ. വളരെ ആധുനികമായ ക്രിമിനല്‍ പ്രോസിക്യൂഷന്‍, ജുഡീഷ്യല്‍ സംവിധാനങ്ങളാണ് ഗള്‍ഫ് നാടുകളില്‍ നില നില്‍ക്കുന്നത്. കൂട്ടത്തില്‍ പറഞ്ഞെന്നേയുള്ളൂ.
ഫാറൂഖിന്റെ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Yogi Adityanath and Vijay P Nair, a comparison