കര്‍ഷക സമരത്തെ അരാജകത്വമെന്ന് അധിക്ഷേപിച്ച് യോഗി ആദിത്യനാഥ്; മാപ്പ് പറയണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
national news
കര്‍ഷക സമരത്തെ അരാജകത്വമെന്ന് അധിക്ഷേപിച്ച് യോഗി ആദിത്യനാഥ്; മാപ്പ് പറയണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2024, 9:14 am

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ അരാജകത്വമെന്ന് അധിക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ ജുഡീഷ്യറിയും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യയില്‍ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും നിരവധി പോരാട്ടങ്ങളിലൂടെയാണ് സ്വാതന്ത്ര്യം നേടിയതെന്നും സംയുക്ത കിസാന്‍ സഭ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിക്കുമ്പോള്‍ അതിനെ അരാജകത്വമെന്ന് അപമാനിക്കുന്നത് മുഖ്യമന്ത്രി പദവി വഹിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണെന്നും സംഘടന വൃത്തങ്ങള്‍ വ്യക്തമാക്കി.

യോഗി ആദിത്യനാഥ് തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അതേസമയം ഉത്തര്‍പ്രദേശ് കര്‍ഷക നേതാക്കളെ ആക്രമിക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്യുന്നുവെന്നും എസ്.കെ.എം പറയുകയുണ്ടായി.

കര്‍ഷകര്‍ തീവ്രവാദികളോ കുറ്റവാളികളോ അല്ലെന്നും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തെ അടിച്ചമര്‍ത്താനുള്ള നിയമവിരുദ്ധമായ നടപടികളാണ് കര്‍ഷകര്‍ക്കെതിരെ ഉണ്ടാവുന്നതെന്നും സംഘടന ആരോപിച്ചു.

ഇതിനെതിരെ പ്രതിഷേധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും സ്ത്രീകളുള്‍പ്പെടെയുള്ള കര്‍ഷകരെ അറസ്റ്റ് ചെയ്ത് മാറ്റാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും എസ്.കെ.എം കൂട്ടിച്ചേര്‍ത്തു.

ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ പരിക്കേറ്റ എസ്.കെ.എം നേതാവിനെ കത്ഖര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂറിലധികം തടങ്കലിലാക്കിയെന്നും മറ്റൊരു നേതാവിനെ കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ ഉത്തര്‍പ്രദേശ് പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തിലുള്ള മൗലികാവകാശ ലംഘനങ്ങളില്‍ ജുഡീഷ്യറിയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇടപെടല്‍ തങ്ങള്‍ ആവശ്യപ്പെടുന്നതായും എസ്.കെ.എം കൂട്ടിച്ചേര്‍ത്തു.

അതേസമയം അരാജകത്വം പരത്തുന്ന ആരെയും വെറുതെ വിടരുതെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ ചിലവ് കുറ്റവാളികളില്‍ നിന്ന് ഈടാക്കണമെന്ന് യോഗി ആദിത്യനാഥ് ബുധനാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Content Highlight: Yogi Adityanath addressing farmers’ strike as anarchy; Samyukta Kisan Morcha demands an apology