| Friday, 16th March 2018, 9:34 am

'ഇപ്പോഴെന്തേ വോട്ടിങ്ങ് യന്ത്രങ്ങളില്‍ തിരിമറി ഇല്ലേ?'; തോറ്റപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി ആരോപിച്ചവര്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തെരഞ്ഞെടുപ്പുകളില്‍ തോറ്റപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി ആരോപിച്ചവര്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് യോഗി എതിര്‍ പക്ഷത്തിനുനേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ബി.ജെ.പിക്കു സംഭവിച്ച പരാജയം വലിയ പാഠമാണ് നല്‍കുന്നതെന്നും യോഗി പറഞ്ഞു. “പിഴവുകള്‍ തിരുത്തി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന പറഞ്ഞ അദ്ദേഹം ഇരു മണ്ഡലങ്ങളിലെയും തോല്‍വി മുന്‍കൂട്ടി കാണാനായില്ലെന്നും കൂട്ടിച്ചേര്‍ത്തു.

“അമിത ആത്മവിശ്വാസമാണ് തിരിച്ചടിക്കു കാരണം. പാര്‍ട്ടി പ്രവര്‍ത്തകരോടു മുന്‍പു പറഞ്ഞ ഒരു കാര്യം ഓര്‍മിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ എപ്പോഴും തെരഞ്ഞെടുപ്പുകളാണ്. അവയെ തീരെ ചെറുതായി കാണരുത്. തെരഞ്ഞെടുപ്പുകള്‍ പരീക്ഷകള്‍ പോലെയാണ്. അമിത ആത്മവിശ്വാസം കാട്ടുന്നതിനു പകരം തയാറെടുപ്പുകള്‍ വിശദമായി പരിശോധിക്കുന്നതാണ് പ്രധാനം” യോഗി പറഞ്ഞു.

വിജയം ഉറപ്പാണെന്ന ധാരണയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാട്ടിയ അലംഭാവമാണ് തോല്‍വിയിലേക്കു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “പാര്‍ട്ടി അനുഭാവികളായ വോട്ടര്‍മാരും ഉദാസീനത കാട്ടി. അതാണ് പോളിങ് ശതമാനം തീര്‍ത്തും കുറയാന്‍ ഇടയാക്കിയത്. ഇതും തോല്‍വിയിലേക്കു നയിച്ചു” ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തകര്‍പ്പന്‍ വിജയം നേടിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞ ബി.എസ്.പി, എസ്.പി നേതാക്കളെ ആദിത്യനാഥ് പരിഹസിച്ചു. തോറ്റപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി ആരോപിച്ചവര്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായപ്പോള്‍ ഒഴിഞ്ഞ ഗോരഖ്പുര്‍ ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്.

We use cookies to give you the best possible experience. Learn more