കോഴിക്കോട്: കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെ വികാരം വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബരിമലയിലെ സ്ത്രീ പ്രവേശനം അതിന് ഉദാഹരണമെന്നാണ് യോഗി പറഞ്ഞത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു യോഗിയുടെ പരാമര്‍ശം.
‘കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശനം അതിന് ഉദാഹരണമാണ്. ജനവികാരത്തെ മാനിക്കാതെ സര്‍ക്കാര്‍ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. ജനവികാരം മാനിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഇതൊരു ക്ഷേത്രമല്ല. ജനങ്ങളുടെ വിശ്വാസത്തെ മാനിക്കലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്’, യോഗി പറഞ്ഞു.
രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമൃദ്ധിയും വികസനവും ഉറപ്പാക്കാന്‍ ബി.ജെ.പി ഭരണകൂടത്തിന് മാത്രമെ സാധിക്കുവെന്നും യോഗി അവകാശപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിലും കേരളത്തിനെതിരെ യോഗി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ അടിസ്ഥാന ആരോഗ്യസംവിധാനങ്ങളെ പരിഹസിച്ച കേരളം ഇപ്പോള്‍ ലോകത്തിനാകെ പരിഹാസപാത്രമായി മാറിയിരിക്കുകയാണെന്ന് യോഗി പറഞ്ഞു.
അതേസമയം കേരളത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുവെന്നും അതിന്റെ ഭാഗമാണ് ലവ് ജിഹാദെന്നും യോഗി ആരോപിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്നകേരള വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ യോഗി രൂക്ഷ വിമര്‍ശനം നടത്തിയത്.