| Thursday, 19th November 2020, 7:26 pm

കോണ്‍ഗ്രസ് രാഷ്ട്രീയതാല്‍പ്പര്യത്തിനായി രാജ്യത്തിന്റെ പരമാധികാരം വെച്ച് കളിക്കുന്നു; ഗുപ്കാര്‍ സഖ്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഗുപ്കര്‍ സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സഖ്യത്തെപ്പറ്റി കോണ്‍ഗ്രസ് വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും രാഷ്ട്രീയതാല്പര്യത്തിനായി രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണെന്നും യോഗി പറഞ്ഞു.

ഗുപ്കാര്‍ സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നിലപാട് ഒട്ടും സ്വീകാര്യമല്ല. വിഘടനവാദപ്രവര്‍ത്തനങ്ങളെയും, തീവ്രവാദികളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഐക്യത്തെയും അഖണ്ഡതയേയും വെല്ലുവിളിക്കുകയാണ്, യോഗി പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് പറയുന്നു.

ഇന്ത്യയുടെ പരമാധികാരം വെച്ച് കളിക്കാന്‍ കോണ്‍ഗ്രസിന് അധികാരമില്ലെന്നും ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും യോഗി പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്.

ഒക്ടോബര്‍ 15 ന് ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിനും പി.ഡി.പിയ്ക്കും പീപ്പിള്‍സ് കോണ്‍ഫറന്‍സിനും പുറമെ പീപ്പിള്‍സ് മൂവ്മെന്റ്, സി.പി.ഐ.എം എന്നീ കക്ഷികളും സഖ്യത്തില്‍ പങ്കാളികളാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Yogi Aditya Nath Slams Congress

We use cookies to give you the best possible experience. Learn more