പട്‌ന: ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണം ആശുപത്രിയിലെ വൃത്തിയില്ലായ്മയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തുറസ്സായ സ്ഥലത്തെ മലമൂത്രവിസര്‍ജനമാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
താന്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആരും ഓക്‌സിജന്‍ വിതരണം മുടങ്ങിയ കാര്യം പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിലേയ്ക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലാണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഓക്സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം സംഭവത്തിനുശേഷം ഇന്നാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ഓക്‌സിജന്‍ വിതരണത്തില്‍ മുന്‍ സര്‍ക്കാരിന്റെ നടപടികളും പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.