ലഖ്‌നൗ: ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ. കഫീല്‍ ഖാനെതിരെ ആരംഭിച്ച പുന:രന്വേഷണം പിന്‍വലിച്ചതായി യു.പി സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തില്‍, കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നെങ്കിലും പിന്നീട് കുറ്റമുക്തനാക്കിയിരുന്നു.
കുറ്റമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 11 മാസത്തിന് ശേഷമാണ് അച്ചടക്കസമിതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. കഫീല്‍ ഖാനെ നാല് വര്‍ഷത്തിലേറെയായി സസ്‌പെന്‍ഡ് ചെയ്തതിനെ എങ്ങിനെ ന്യായീകരിക്കുമെന്ന് ജൂലൈ 29ന് അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പുന:രന്വേഷണം പിന്‍വലിച്ചതായി വെള്ളിയാഴ്ച യു.പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
2017ലാണ് ഗോരഖ്പുര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 63 കുഞ്ഞുങ്ങള്‍ മരിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഫീല്‍ഖാനായിരുന്നു ആശുപത്രിയിലേക്ക് പുറത്ത് നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നത്. 2019 സെപ്റ്റംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഫീല്‍ ഖാന്‍ നടത്തിയ ശ്രമങ്ങളെ റിപ്പോര്‍ട്ടില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, 2019 ഒക്ടോബറില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണ കമീഷന് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നുമായിരുന്നു ആരോപണം.
തുടരന്വേഷണം പ്രഖ്യാപിക്കുന്നതിലെ കാലതാമസം അച്ചടക്ക സമിതി വിശദീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നാല് വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷന്‍ തുടരുന്നത് വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച വീണ്ടും വാദം കേട്ടപ്പോഴാണ് കഫീല്‍ ഖാനെതിരായ തുടരന്വേഷണം പിന്‍വലിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
കഴിഞ്ഞവര്‍ഷം അലിഗഢ് സര്‍വകലാശാലയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ തടവിലാക്കിയിരുന്നു. ഈ കേസില്‍ കോടതിയുടെ ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.