ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പുത്തന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി. യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമായി യോഗിയെ ഗോരഖ്പൂരില്‍ നിന്നും മാറ്റി മഥുരയില്‍ മത്സരിപ്പിക്കാനാണ് ബി.ജെ.പി നേതൃത്വം ലക്ഷ്യമിടുന്നത്. ശ്രീകൃഷ്ണന്റെ ജന്‍മസ്ഥലമെന്ന് കരുതിപ്പോരുന്ന മഥുരയെ മുന്‍നിര്‍ത്തി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രചിക്കാമെന്ന ഗൂഢലക്ഷ്യവും യോഗിയുടെ തട്ടകമാറ്റത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യോഗി എന്നാല്‍ മഥുരയെന്ന സമവാക്യം രൂപപ്പെടുത്തിയാല്‍ അത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ സഹായകമാവുമെന്നാണ് ബി.ജെ.പി ക്യാംപ് കണക്കുകൂട്ടുന്നത്.
എന്നാല്‍ യു.പിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാനാണ് ഈ നീക്കമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്.
2017ല്‍യോഗി യു.പി നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വിധാന്‍ പരിഷത്തെന്ന ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്കായിരുന്നു മത്സരിച്ചത്. ഇവിടെ എതിരില്ലാതെയായിരുന്നു യോഗി തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്‌സഭാംഗത്വം രാജിവെച്ചാണ് യോഗി വിധാന്‍ പരിഷതിലേക്ക് മത്സരിച്ചത്.
2022ല്‍ അദ്ദേഹം ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്നാവും മത്സരിക്കുന്നതെന്നായിരുന്നു കണക്കുകൂട്ടലുകള്‍. ഗോരഖ്പൂരില്‍ നിന്ന് 1998 മുതല്‍ അഞ്ച് തവണ യോഗി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ പ്രധാനമാണ് ഉത്തര്‍പ്രദേശ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പടയൊരുക്കമാരംഭിച്ചത് മുതല്‍ യു.പി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
യോഗി ഏത് മണ്ഡലത്തില്‍ നിന്നാണോ മത്സരിക്കുന്നത്, അതേ മണ്ഡലത്തില്‍ നിന്ന് യോഗിക്കെതിരെ താനും മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ രാവണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയൊന്നാകെ യു.പിയിലേക്ക് ഉറ്റുനോക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Yogi Adithyanath to change constituency, Reports