Hate speech
ദുര്‍ഗാ പൂജ മാറ്റില്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ മുഹറം ഘോഷയാത്ര മാറ്റിക്കോ: ബംഗാളില്‍ വര്‍ഗീയ പ്രസംഗവുമായി യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 15, 12:05 pm
Wednesday, 15th May 2019, 5:35 pm

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയെ അക്രമിക്കാന്‍ വര്‍ഗീയ പ്രസംഗവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിലെ ബറാസത്തില്‍ സംസാരിക്കവെ ബംഗാള്‍ സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് ആരോപിച്ചാണ് യോഗിയുടെ പ്രസംഗം.

‘കഴിഞ്ഞ വര്‍ഷം മമത ദുര്‍ഗാ പൂജ തടസപ്പെടുത്താന്‍ ശ്രമിച്ചു. രാജ്യത്ത് മുഹറവും ദുര്‍ഗാ പൂജയും ഒരു സമയത്താണ് നടക്കുന്നത്. ഉത്തര്‍പ്രദേശിലും ബംഗാളിലുമെല്ലാം അങ്ങനെ തന്നെയാണ്. ഉത്തര്‍പ്രദേശില്‍ തയ്യാറെടുപ്പുകള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ വന്ന് ചോദിച്ചപ്പോള്‍ പൂജാ സമയം മാറ്റണമോയെന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു പൂജാ സമയം മാറ്റേണ്ടതില്ലെന്ന്. ദുര്‍ഗാ പൂജയുടെ സമയത്ത് മാത്രമാണ് പൂജ നടക്കേണ്ടത്. നിങ്ങള്‍ക്ക് സമയം മാറ്റണമെങ്കില്‍ മുഹറം ഘോഷ യാത്രയുടെ സമയം മാറ്റിക്കോളൂവെന്ന് പറഞ്ഞതായും യോഗി പറഞ്ഞു. ഇതിന് ശേഷം യു.പിയില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ലെന്നും യോഗി പറഞ്ഞു.

മുഹറം ഘോഷ യാത്രക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ അതവരുടെ അവസാനത്തെ ഘോഷയാത്രയായിരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ബംഗാളില്‍ അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് യോഗിയുടെ ബംഗാളിലെ പ്രസംഗം. സംഘര്‍ഷത്തിന് പിന്നില്‍ ബംഗാളിന് പുറത്ത് നിന്ന് ബി.ജെ.പി കൊണ്ടു വന്ന ഗുണ്ടകളാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു.