പാണ്ഡവര്‍ ആവശ്യപ്പെട്ടത് അഞ്ച് ഗ്രാമങ്ങള്‍, ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നത് മൂന്ന് ക്ഷേത്രങ്ങള്‍; കാശി മഥുര വിഷയത്തില്‍ യോഗി ആദിത്യനാഥ്
India
പാണ്ഡവര്‍ ആവശ്യപ്പെട്ടത് അഞ്ച് ഗ്രാമങ്ങള്‍, ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നത് മൂന്ന് ക്ഷേത്രങ്ങള്‍; കാശി മഥുര വിഷയത്തില്‍ യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th February 2024, 10:50 pm

ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നം നടന്നുകൊണ്ടിരിക്കെ കാശിയും മഥുരയും ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നുവെന്ന വാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ സമ്മേളനത്തിലാണ് മഹാഭാരതത്തെ ഉദ്ധരിച്ച് യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയത്.

‘മഹാഭാരതത്തില്‍ പാണ്ഡവര്‍ അഞ്ച് ഗ്രാമങ്ങള്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ, പക്ഷേ അവര്‍ക്ക് അത് ലഭിച്ചില്ല. അതുപോലെ ഇന്ത്യയിലെ ഭൂരിപക്ഷസമുദായം വെറും മൂന്ന് സ്ഥലങ്ങള്‍ (അയോധ്യ, കാശി, മഥുര) മാത്രമേ ചോദിക്കുന്നുള്ളൂ. അതിന് വേണ്ടി അവര്‍ക്ക് യാചിക്കേണ്ടി വരുന്നു’ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ യോഗി ആദിത്യനാഥ് പറഞ്ഞു.

‘അയോധ്യയില്‍ മഹത്തായ രാമക്ഷേത്രം നിര്‍മിക്കാന്‍ നമുക്കായി. എന്നാല്‍ കാശിയും മഥുരയും എങ്ങനെ മറക്കാന്‍ കഴിയും? സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രശ്‌നങ്ങള്‍ (കാശി. മഥുര, അയോധ്യ) പരിഹരിക്കേണ്ടതായിരുന്നു. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം അവ പരിഹരിക്കാനായില്ല’ യോഗി പറഞ്ഞു. രാമജന്മഭൂമിയില്‍ രാമക്ഷേത്രമെന്ന ഞങ്ങളുടെ വാഗ്ദാനം തങ്ങള്‍ നിറവേറ്റിയെന്നും, അയോധ്യ ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഉയര്‍ന്നുവരുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് തന്റെ പ്രസംഗത്തില്‍ വിലക്കയറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും, കൂടാതെ സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അയോധ്യയില്‍ വന്‍ ഭൂമി കുംഭകോണം നടന്നക്കുന്നതായും ആരോപിച്ചു. ബി.ജെ.പി സര്‍ക്കാര്‍ ‘കര്‍ഷക വിരുദ്ധ’രാണെന്നും വിമാനത്താവളങ്ങളും മറ്റ് വ്യവസായങ്ങളും സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്ത ശേഷം കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlight: Yogi Adithyanath  cites Mahabharatha to claim that Kashi and Mathura for hindus