| Friday, 5th April 2019, 10:37 am

മുസ്‌ലിം ലീഗ് വൈറസാണ്; കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് പടരുമെന്ന് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മുസ്‌ലിം ലീഗിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്‌ലിം ലീഗ് വൈറസാണ്. കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ട്. ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്നും യോഗി പറഞ്ഞു.

കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്താകെ ഈ വൈറസ് പടരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയാണ് യോഗി ഇത്തരമൊരു പരാമര്‍ശവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിക്ക് മുസ്‌ലിം ലീഗുമായി ഒരു അജണ്ടയുണ്ടെന്നും യോഗി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

വയനാട്ടില്‍ രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ തന്നെ ബി.ജെ.പി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഇതിനെ ഉപയോഗിച്ചിരുന്നു.

Also read:“റോഡില്ലെങ്കില്‍ വോട്ടില്ല”; മോദിയുടെ സന്ദര്‍ശനത്തിനു പിറ്റേദിവസം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ബിഹാറിലെ ഗ്രാമീണര്‍

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഉപയോഗിച്ചിരുന്നു. ഉത്തരേന്ത്യയിലെ ഹിന്ദുസമുദായത്തെ ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് പോയതെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

രാഹുല്‍ വയനാട് ചുരംവഴി കേരളത്തില്‍ എത്തുന്നതിനു പിന്നില്‍ കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ജിഹാദി എന്ന സംയുക്ത കൂട്ടുകെട്ടാണെന്നാണ് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും എന്‍.ഡി.എ സംസ്ഥാന കണ്‍വീനറുമായ പി.കെ കൃഷ്ണദാസ് പറഞ്ഞത്.

മുസ്‌ലിം വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ചാണ് രാഹുല്‍ അമേഠിയില്‍ നിന്നും വയനാട്ടിലെത്തുന്നതെന്ന് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു.

ഇതിനു പുറമേ മുസ്‌ലിം ലീഗിന്റെ പതാക പാക്കിസ്ഥാന്‍ പതാകയെന്ന തരത്തില്‍ ചിത്രീകരിച്ച് സംഘപരിവാര്‍ രാഹുലിനെതിരെ ദേശീയ തലത്തില്‍ വ്യാജ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more